ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി അന്തിമ വാദം കേൾക്കാനിരിക്കേ ഗുരുതര സുരക്ഷാ വീഴ്ച. സംസ്ഥാനം അറിയാതെ തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് മടങ്ങി. സംഭവത്തിൽ അണക്കെട്ട് സന്ദർശിച്ചവർക്കെതിരെ കേസ് എടുത്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നാലംഗ സംഘമാണ് മുല്ലപ്പെരിയാറിൽ എത്തിയത്. റിട്ടയേർഡ് എസ്ഐമാരും, തമിഴ്നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമായിരുന്നു ഇത്. തമിഴ്നാടിന്റെ ബോട്ടിൽ എത്തിയ ഇവരെ പോലീസ് തടഞ്ഞില്ലെന്നാണ് വിവരം. ഇതിന് പുറമേ ഇവരുടെ പേരുകൾ ജിഡി രജിസ്റ്ററിൽ പോലീസ് രേഖപ്പെടുത്തുകയും ചെയ്തില്ല.
ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ ഒഴികെ മറ്റ് മൂന്ന് പേരും മലയാളികൾ ആണെന്നാണ് റിപ്പോർട്ടുകൾ. വിരമിച്ച രണ്ട് എസ്ഐമാരും കേരള പോലീസിൽ ഉണ്ടായിരുന്നവരാണെന്നും റിപ്പോർട്ട് ഉണ്ട്. നാലംഗ സംഘം സന്ദർശനം നടത്തിയ വിവരം മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള പോലീസ് ഡി.വൈ.എസ്.പി ഉൾപ്പടെയുള്ളവർ വൈകിയാണ് അറിഞ്ഞത്.
അതേസമയം മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. അണക്കെട്ടിന്റെ കാലാവധി നിർണയിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണം എന്നാണ് എംപിയുടെ ആവശ്യം.
















Comments