തിരുവനന്തപുരം: കേരളത്തിൽ നിന്നും ആദ്യമായി ഒരു ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയ കടമ്പ കടക്കാനായത് സുരേഷ് ഗോപി എം.പി കാരണമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. വയനാട്ടുകാരനായ വിഷ്ണു പ്രസാദിന് എടിആർ ലൈസൻസ് ലഭിക്കാൻ കേന്ദ്രമന്ത്രി വി.കെ സിംഗിനെ സുരേഷ് ഗോപി എംപി നേരിട്ട് പോയി കണ്ട സംഭവമാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്കായി സുരേഷ് ഗോപി എംപി നടത്തുന്ന ഇടപെടലുകൾ ഫേസുബുക്കിലൂടെ സന്ദീപ് ജി വാര്യർ ഉയർത്തിക്കാട്ടിയിരുന്നു. കേരളത്തിലെ വനവാസി വിഭാഗങ്ങൾ ഇന്നും നേരിടുന്ന ദുരവസ്ഥ രാജ്യസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയോടൊപ്പം വയനാട് സന്ദർശിച്ച ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്. അതിനൊപ്പമാണ് വിഷ്ണു പ്രസാദിന് എടിആർ ലൈസൻസ് ലഭിക്കാൻ സുരേഷ് ഗോപി എംപി നടത്തിയ ഇടപെടൽ അദ്ദേഹം പങ്കുവെച്ചത്.
‘എന്നാൽ ഇതിനെയൊക്കെ മറി കടക്കുന്ന മറ്റൊരു സംഭവം പങ്കുവയ്‌ക്കാതിരിക്കുന്നതെങ്ങനെ? വയനാട്ടിൽ നിന്നും ഒരു പക്ഷേ കേരളത്തിൽ നിന്നു തന്നെ ആദ്യമായി ഒരു ആദിവാസി യുവാവ് പൈലറ്റാകുന്നു. വയനാട്ടുകാരനായ വിഷ്ണു പ്രസാദിന് കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചിരുന്നെങ്കിലും ഇൻറർവ്യൂവിന് പങ്കെടുക്കണമെങ്കിൽ ഡിജിസിഎയുടെ എ ടി ആർ എൻഡോഴ്‌സ്‌മെൻറ് ലൈസൻസ് ആവശ്യമായിരുന്നു . കൽപ്പറ്റയിൽ തിരക്കിനിടെ സുരേഷ് ഗോപിയെ കണ്ട് കാര്യം പറയാൻ സാധിക്കാതെ വിഷമിച്ച ആ അമ്മ എന്റെ കയ്യിലൊരു അപേക്ഷയടങ്ങിയ കവർ തന്നു ‘ ഒന്ന് സാറിനോട് പറയണം , ഞങ്ങടെ സ്വപ്നമാണ്, നാല് ദിവസത്തിനുള്ളിൽ നടക്കുന്ന ഇന്റർവ്യൂവിൽ മകന് പങ്കെടുക്കാൻ എ ടി ആർ ലൈസൻസ് വേണം , ഉന്നത ഇടപെടൽ ഉണ്ടെങ്കിലേ നടക്കൂ ‘ .
കാറിലിരുന്ന് ഞാൻ കാര്യം അവതരിപ്പിച്ചു . ഡൽഹിയിലെത്തിയ ശ്രീ. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ശ്രീ.വി.കെ സിംഗിനെ ഇന്നലെ കാലത്ത് കണ്ടു. ഇന്നലെ വൈകീട്ട് വിഷ്ണു പ്രസാദിന് എടിആർ ലൈസൻസ് കയ്യിൽ കിട്ടി. ഇനി വിഷ്ണു പ്രസാദിന് ധൈര്യമായി പറക്കാം .
24 മണിക്കൂർ കൊണ്ട് കേരളത്തിലെ ഒരു ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയൊരു കടമ്പ കടക്കാൻ കഴിഞ്ഞത് ശ്രീ.സുരേഷ് ഗോപി എന്ന ഒറ്റ മനുഷ്യന്റെ കഴിവു കൊണ്ടാണ്.’ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
Comments