മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് മികച്ച പ്രതികരണം നേടി ആറാം ദിവസവും പ്രദർശനം തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് എത്തിയത്. ഇപ്പോഴിതാ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വീറ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ഞങ്ങൾക്ക് ഇപ്പോൾ അറിയാം, അന്ന് അറിയില്ലായിരുന്നു’ എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചിരിക്കുന്നത്. കശ്മീർ ഫയൽസ് കണ്ടതിന് ശേഷമുള്ള താരത്തിന്റെ പ്രതികരണമാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ചോദ്യങ്ങൾ ഉയരുന്നത്.
കശ്മീരിലെ ഹിന്ദു വശംഹത്യയുടെ യഥാർത്ഥമുഖമാണ് ചിത്രം തുറന്നുകാട്ടുന്നത്. ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് കുതിയ്‌ക്കുന്നതിനിടെയാണ് പ്രതികരണവുമായി അമിതാഭ് ബച്ചൻ എത്തിയിരിക്കുന്നത്. കശ്മീർ ഫയൽസിന്റെ പേര് പറയാതെയുള്ള അമിതാഭ് ബച്ചന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇത്ര വലിയ ചർച്ചയ്‌ക്ക് കാരണം. കശ്മീർ ഫയൽസിനെ കുറിച്ച് തന്നെയല്ലേ താരം പറഞ്ഞിരിക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ‘പറയാനുള്ളത് തുറന്ന് പറഞ്ഞിരിക്കുകയാണോ?’ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ‘സാർ താങ്കൾ ഒരു മഹാനാണ്. കശ്മീർ ഫയൽസിനെ കുറിച്ച് തന്നെയല്ലേ താങ്കൾ പറഞ്ഞിരിക്കുന്നത് എന്ന് മറ്റൊരാളും ചോദിച്ചു.
T 4222 – .. we know now , what we never knew then ..
— Amitabh Bachchan (@SrBachchan) March 16, 2022
പ്രമുഖരും നിരവധി മാദ്ധ്യമ പ്രവർത്തകരും ബച്ചന്റെ ട്വീറ്റ് പങ്കുവെച്ച് എത്തിയിട്ടുണ്ട്. ‘ബച്ചൻ എന്തിനെ കുറിച്ചാണ് പറയുന്നതെന്ന് ഓർത്ത് അതിശയിക്കുന്നുണ്ടോ?’ എന്നാണ് അരുനാഗ് സക്‌സേന ട്വിറ്ററിൽ കുറിച്ചത്. എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ബച്ചന്റെ 4222-ാമത്തെ ട്വീറ്റ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം വിജയകരമായി മുന്നേറുമ്പോൾ ചർച്ചയാകുന്നത് കശ്മീരിൽ ഹിന്ദുക്കൾ അനുഭവിച്ച ഞെട്ടിപ്പിക്കുന്ന വംശഹത്യയുടെ ചരിത്രമാണ്.
രണ്ട് മണിക്കൂറും അൻപത് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
Comments