കൊച്ചി: മെട്രോയുടെ ചരിഞ്ഞ തൂണിന്റെ പൈലുകൾ അടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്ന് കണ്ടെത്തൽ. പത്തടിപ്പാലത്ത് മെട്രോയുടെ 346-ാം നമ്പർ തൂണിന്റെ ബലക്ഷയത്തിന് കാരണം ഇതാണെന്നാണ് ജിയോ ടെക്നിക്കലിന്റെ പഠനത്തിൽ വ്യക്തമായത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം കെഎംആർഎൽ പുറത്തുവിട്ടിട്ടില്ല.
പത്ത് മീറ്റർ ആഴത്തിലുള്ള ചെളിക്ക് താഴെയാണ് ഇവിടെ പാറ. ഈ പാറയിലേയ്ക്ക് പൈലിന്റെ അടിഭാഗം എത്തിയിട്ടില്ല. മണ്ണിനടിയിൽ പാറ കണ്ടെത്തുന്നതുവരെ തുരന്ന്, പൈലടിച്ചാണ് മെട്രോ തൂണുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ ഇവിടെ പാറയും പൈലിന്റെ അറ്റവും തമ്മിൽ ഒരു മീറ്ററോളം അന്തരമുണ്ടെന്നാണ് കണ്ടെത്തൽ.
പാറയിൽ ഉറപ്പിക്കാത്തതാണ് തൂണിന്റെ ഒരു ഭാഗത്ത് ശേഷിക്കുറവുണ്ടായി നേരിയ ചരിവുണ്ടാകാൻ കാരണം. ഈ തൂണിന്റെ തുടർച്ചയായി മറ്റ് തൂണുകൾക്ക് തകരാറുണ്ടോ എന്ന് പരിശോധിച്ചേക്കും എന്ന് അധികൃതർ അറിയിച്ചു. ഒരു മാസം മുൻപാണ് തൂണിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് മെട്രോ ഗതാഗതം നിയന്ത്രിച്ചത്. പത്തടിപ്പാലത്തിന് സമീപത്തെത്തുമ്പോൾ, മെട്രോയുടെ വേഗത കുറയ്ക്കും.
അതേസമയം, തകരാറുണ്ടായ തൂണിന് പുതിയ പൈലുകൾ അടിച്ച് ബലപ്പെടുത്താനാണ് ആലോചന. തകരാർ പരിഹരിച്ച്, ഈ പാളത്തിലൂടെ ഇനി സർവീസ് ആരംഭിക്കാൻ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി തേടണം.
Comments