കോട്ടയം: ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീയെ പിന്തുടർന്ന് പീഡിപ്പിച്ച് ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഒളശ്ശ വേലംകുളത്ത് രാഹുലിനെയാണ് (21) പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
കഴിഞ്ഞ ദിവസം രാത്രി കോട്ടയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോട്ടയത്തു നിന്ന് ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയുടെ പിന്നാലെ കൂടിയ പ്രതി ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന നമ്പർ വാങ്ങിയെടുക്കുകയും ഫോൺ വിളിച്ച് കുടുംബ സാഹചര്യവും താമസവും മനസിലാക്കുകയുമായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ലോട്ടറിക്കച്ചവടം നടത്തി സ്ത്രീ യാത്ര ചെയ്ത അതേ ബസിൽ പ്രതി ഇവരെ പിന്തുടർന്നു. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വഴിച്ചഴച്ച് കൊണ്ട് പോവുകയായിരുന്നു.
ബഹളം വെച്ചപ്പോൾ ഫോൺ പിടിച്ച് വാങ്ങി. ഓടി രക്ഷപ്പെട്ട സ്ത്രീയെ ബൈക്ക് യാത്രക്കാരനാണ് രക്ഷപ്പെടുത്തിയത്. സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നമ്പർ മനസിലാക്കിയ പോലീസ് ഇയാളെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
Comments