ന്യൂഡൽഹി: റഷ്യയ്‌ക്കെതിരായ ഉപരോധം നിലനിൽക്കേ ഇന്ത്യ എണ്ണ വാങ്ങുന്ന വിഷയത്തിൽ ലോകരാജ്യങ്ങളുടെ സംശയത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഊർജ്ജ നയത്തിൽ ഇന്ത്യക്ക് ഒരു രാജ്യവുമായി രാഷ്‌ട്രീയമായ അകൽച്ചകളില്ല. എല്ലാ വ്യാപാരവും തീർത്തും സുതാര്യമാണ്. ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞവിലയ്‌ക്ക് ഇന്ധനം വാങ്ങുന്ന വിഷയത്തിൽ യാതൊരു നയ വ്യത്യാസവുമില്ലെന്നും വാണിജ്യകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയ്‌ക്ക് ഊർജ്ജമേഖലയിൽ ഇറക്കുമതി അനിവാര്യമാണ്. അതിനായി വിവിധ രാജ്യങ്ങളുമായുള്ള കരാർ പതിറ്റാണ്ടുകളായി തുടരുന്നതാണ്. അതാത് രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം മാറുന്നത് പതിവാണ്. എന്നാൽ ആഗോളതലത്തിലെ ഇത്തരം രാഷ്‌ട്രീയ അന്തരീക്ഷം ഇന്ത്യയുടെ നയങ്ങളെ സ്വാധീനിക്കാറില്ലെന്നും വാണിജ്യകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും രാജ്യത്തിന് പുറത്തുനിന്നും വരുത്തേണ്ടതാണ്.
ഒരു ദിവസം 50 ലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഭൂരിഭാഗവും വരുന്നത് പടിഞ്ഞാറൻ ഏഷ്യയുടെ മേഖലയിൽ നിന്നാണ്. ഇറാഖ് 23 ശതമാനം, സൗദി അറേബ്യ 18 ശതമാനം, യുഎഇ 11 ശതമാനം എന്നിങ്ങനൊണ് സമീപകാലത്തെ ഇറക്കുമതി കണക്ക്. ഏതാനും വർഷങ്ങളായി അമേരിക്കയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ സ്വീകരിക്കുന്നുണ്ട്. റഷ്യയിൽ നിന്നും ഇതുവരെ 3 ശതമാനം ക്രൂഡ് ഓയിലാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇതാണ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
















Comments