ന്യൂഡൽഹി ; 1990 കളിൽ കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതവും അവർക്ക് നേരിടേണ്ടി വന്ന കഷ്ടതകളും തുറന്ന് പറയുന്ന ചിത്രമായ ദി കശ്മീർ ഫയൽസിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സിനിമയിൽ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്നും കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യാൻ കാരണം ബിജെപി ആണെന്നും ഒമർ അബ്ദുള്ള ആരോപിച്ചു.
ദി കശ്മീർ ഫയൽ എന്ന ചിത്രത്തിൽ പറയുന്നത് പച്ചക്കള്ളമാണ്. സ്വന്തം മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടി വന്നതും വംശഹത്യയ്‌ക്ക് ഇരയായതും കശ്മീരി പണ്ഡിറ്റുകൾ മാത്രമല്ല. അതിൽ മുസ്ലീങ്ങളും സിഖുകാരും ഉണ്ടായിരുന്നു. അവർക്കും കശ്മീർ വിട്ട് പോകേണ്ടി വന്നുവെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നുമാണ് ഒമർ അബ്ദുള്ള പറഞ്ഞത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപി ആണെന്നും നാഷണൽ കോൺഫറൻസ് നേതാവ് ആരോപിച്ചു. 1990 കളിൽ ജമ്മു കശ്മീരിൽ ഗവർണർ ഭരണമാണ് ഉണ്ടായിരുന്നത്. അപ്പോൾ നാഷണൽ കോൺഫറൻസ് ഇല്ലായിരുന്നു. കേന്ദ്രത്തിലും ബിജെപി പിന്തുണയുമായി വിപി സിംഗാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കാനാണ് നാഷണൽ കോൺഫറൻസ് ശ്രമിച്ചത് എന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ഭാരതീയർ ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതോടെയാണ് കുപ്രചാരണവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്.
Comments