തിരുവനന്തപുരം: സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പാക്കാനാണ് കടമെടുത്തതെന്ന സർക്കാർ വാദം പൊളിച്ച് സിഎജി റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാർ ഓരോ വർഷവും കടമെടുത്തതിന്റെ പകുതി പോലും വികസനത്തിന് ചെലവിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിയമസഭയിൽ സിഎജി സമർപ്പിച്ച 2020-2021 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2021 മാർച്ച് 31നു മുൻപ് സർക്കാർ പൂർത്തിയാക്കേണ്ട 354 പദ്ധതികൾ ഇപ്പോഴും പാതിവഴിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഉൾപ്പെടുന്ന 74 പദ്ധതികൾ അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ആകെ 160 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. എന്നാൽ ഇതിൽ 61 കോടി രൂപ മാത്രമാണ് പരിസ്ഥിതിക്കായി ചെലവിട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
തിരിച്ചടയ്‌ക്കാനുള്ള കടം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 29.67 ശതമാനത്തിൽ താഴെയായിരിക്കണം. എന്നാൽ, ഇത് 39.87% ആണ്. മുൻ വർഷത്തെക്കാൾ 2,662 കോടി കുറവാണ് 2020-21ലെ തനതു നികുതി വരുമാനം. ശമ്പളം, പെൻഷൻ, സബ്‌സിഡി, കടമെടുത്ത തുകയുടെ പലിശ എന്നിവ കൊടുക്കാൻ ആകെ റവന്യു ചെലവുകളുടെ 60.94 % ആണ് സർക്കാർ ചെലവിട്ടത്. ഇതു റവന്യു വരുമാനത്തിന്റെ 77.16 ശതമാനമാണ്.
ഗുരുതര സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ കടമെടുക്കുന്നത് നിയന്ത്രിക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനു വേണ്ടിയാണ് ധന ഉത്തരവാദിത്ത നിയമം പാസാക്കിയത്. ഇതനുസരിച്ച് 2021ൽ റവന്യു കമ്മി പൂജ്യത്തിൽ എത്തിക്കേണ്ടതാണ്. എന്നാൽ, റവന്യു കമ്മി 3.40% ആണ് (25,829 കോടി). ധനക്കമ്മി 3 ശതമാനത്തിൽ കൂടരുതെന്നാണ് നിബന്ധനയെങ്കിലും ഇത് 5.40% ആയെന്നും റിപ്പോർട്ടിൽ പറയുന്നു.
















Comments