തിരുവനന്തപുരം: അതിവേഗ റെയിൽപദ്ധതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ കെ.റെയിൽ എന്നു കേൾക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടുവർഷം ആയിക്കാണും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നാലു മണിക്കൂറിനുള്ളിൽ എത്താവുന്ന അതിവേഗ ട്രെയിൻ സർവ്വീസ്. കെ.റെയിലിന് തറക്കല്ലിടാൻ തുടങ്ങിയ കഴിഞ്ഞ വർഷംമുതലാണ് കെ.റെയിൽ വലിയ ചർച്ചയായി വന്നത്. തറക്കല്ലിടൽ ഈ വർഷം വലിയ സംഘർഷത്തിലേക്ക് നീങ്ങി. ഭൂമിയും വീടും നഷ്ടപ്പെടുന്നവർ പല്ലും നഖവും ഉപയോഗിച്ച് പോരാട്ടത്തിലാണ്.
എന്താണ് കെ.റെയിൽ?
കേന്ദ്ര സർക്കാരിന്റെ സിൽവർലൈൻ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയാണ് കെ.റെയിൽ പദ്ധതി. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ സ്റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ.റെയിൽ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ റെയിൽവേയും കേരള സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ അഥവാ ‘കെ-റെയിൽ’ കമ്പനിയാണ് പദ്ധതി നടത്തിപ്പുകാർ. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതി 2027ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട ജില്ലകളിൽനിന്നായി 1126 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഡിപിആർ സാധ്യതാ പഠന റിപ്പോർട്ട്. ഏകദേശം 63,941 കോടി രൂപമുതൽ മുടക്കിയാണ് പദ്ധതി വരുന്നത്. പദ്ധതിക്കെതിരെ തുടക്കം മുതൽ പ്രതിഷേധം ശക്തമാണ്.
അഴിമതിയുടെ ഇരുമ്പുപാളങ്ങൾ
തുടങ്ങിവച്ചാൽ തന്നെ പാർട്ടിക്ക് വൻലാഭമുണ്ടാക്കാവുന്ന പദ്ധതിയാണ് കെ.റെയിൽ. അതുകൊണ്ടു കമ്മിഷൻ ലക്ഷ്യമിട്ടാണ് ഏതുവിധേനയും പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതെ സമയം സംസ്ഥാനത്തിനും പരിസ്ഥിതിക്കും വലിയ പ്രത്യാഘാതമാണ് കെ.റയിൽവഴി ഉണ്ടാവുക. കെ-റയിൽ പറയുന്നതുപോലെ 9000 കുടുംബങ്ങളല്ല ഏകദേശം 20,000 കുടുംബങ്ങളെങ്കിലും ഒഴിപ്പിക്കപ്പെടേണ്ടിവരുമെന്നാണ് ഈ ശ്രീധരൻ മുന്നറിയിപ്പു നൽകുന്നത്. ഏകദേശം ഒരു ലക്ഷത്തിനടുത്ത് മനുഷ്യർ പദ്ധതിക്കുവേണ്ടി കുടിയൊഴിക്കപ്പെടും. ഇവരുടെ പുനരധിവാസം സർക്കാരിനാകുമോ? പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകി പ്രതിഷേധം തണുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ദിവസവും പ്രതിഷേധം കനക്കുകയാണ്.
ചിലവ് കുറയ്‌ക്കാൻ വേണ്ടിയാണ് സർക്കാർ ഹൈസ്പീഡ് റയിൽവേയ്‌ക്ക് പകരം സെമി ഹൈസ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ചിലവ് കുറയില്ലെന്നാണ് ഇ ,ശ്രീധരനെ പോലുളളവർ പറയുന്നത്. മണിക്കൂറിൽ 200 കിമീ വേഗത്തിൽ യാത്രാ ട്രയിനുകൾ ഓടിക്കുന്ന പാളത്തിലൂടെ 100 കിമീ വേഗത്തിൽ ഗുഡ്‌സ് ട്രയിൻ ഓടിക്കാനാവില്ല. ഗുഡ്‌സ് ട്രയിനുകൾ ഓടിക്കണമെങ്കിൽ പാളത്തിന്റ് ആക്‌സിൽ ലോഡ് കുറഞ്ഞത് 25 ടൺ ആയിരിക്കണം. യാത്രാട്രയിനുകൾക്കത് 17 ടണ്ണോളം മതിയാകും. ഇത് നിർമ്മാണച്ചിലവ് കുത്തനെ കൂട്ടും. പുനരധിവാസം വൻ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കും.
കെഎസ്ആർടിസി ജനങ്ങളുടെ നികുതിപ്പണം എടുത്ത് കടം കൊടുക്കുന്നതുപോലെ കെ.റെയിലിന്റെ കടമടയ്‌ക്കാനും നികുതിപ്പണം പോകുന്ന സാഹചര്യമുണ്ടാകും.
കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽ പ്രതിഷേധം കനക്കുകയാണ്. ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ സർക്കാരിന് ആയിട്ടില്ല. അതെ സമയം വികസന പദ്ധതി വരുമ്പോഴുള്ള സ്വഭാവിക പ്രതികരണം എന്ന നിലയിലാണ് സർക്കാർ സമരത്തെ കാണുന്നത്.
എന്തിനാണ് കെ.റെയിൽ?
കെ.റെയിൽ യാഥാർത്ഥ്യമായാൽ കാസർഗോഡ് നിന്നും നാല് മണിക്കൂർകൊണ്ട് തിരുവനന്തപുരം എത്താമെന്നതാണ് അധികൃതരുടെ അവകാശവാദം. കൂടാതെ പ്രധാനജില്ലകൾ കേന്ദ്രീകരിച്ച് അനുബന്ധമായി വൻവികസന പദ്ധതികളും നടപ്പാക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ടൗൺഷിപ്പ് നിർമാണവും ലക്ഷ്യമിടുന്നുണ്ട്. കെ.റെയിൽ യാഥാർത്ഥ്യമാകുന്നതോടെ
നേരിട്ടും അല്ലാതെയും അയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
പതിനൊന്ന് ജില്ലകൾ, 180 വില്ലേജുകൾ
സർവ്വേ പ്രകാരം പതിനൊന്ന് ജില്ലകൾ കടന്നാണ് കെ.റെയിൽ കടന്നു പോകുന്നത്. പതിനൊന്ന് ജില്ലകളിലെ 180 വില്ലേജുകളിലൂടെയാണ് റെയിൽപാള നിർമാണം. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം വില്ലേജുകൾ കടന്നുപോകുന്നത്. 35 വില്ലേജുകളിലൂടെയാണ് ഈ പദ്ധതി കടന്നുപോകുന്നത്.
കാസർകോടു മുതൽ തിരുവനന്തപുരം വരെ റെയിൽ കടന്നു പോകുന്ന വില്ലേജുകൾ യഥാക്രമം ഇങ്ങനെയാണ്:
കാസർകോഡ്: തൃക്കരിപ്പൂർ സൗത്ത്, നോർത്ത്, ഉദിനൂർ, മണിയാട്ട്, പിലിക്കോട്, ചെറുവത്തൂർ, പേരോൽ, നീലേശ്വരം, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, അജാനൂർ, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട്, തളങ്കര, കുഡ്‌ലു
കണ്ണൂർ: തിരുവങ്ങാട്, തലശ്ശേരി, കോടിയേരി, ധർമടം, മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂർ, ചേലോറ, കണ്ണൂർ, പള്ളിക്കുന്ന്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം, പയ്യന്നൂർ.
കോഴിക്കോട്: കരുവൻതിരുത്തി, ബേപ്പൂർ, പന്നിയങ്കര, കോഴിക്കോട് സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായനി, മൂടാടി, തിക്കോടി, വിയ്യൂർ, പയ്യോളി, ഇരിങ്ങൽ, വടകര, നടക്കുതാഴ, ചോറോട്, ഒഞ്ചിയം, അഴിയൂർ
മലപ്പുറം: ആലങ്കോട്, കാലടി, വട്ടംകുളം, തവനൂർ, തിരുനാവായ, തലക്കാട്, തൃക്കണ്ടിയൂർ, തിരൂർ, നിറമരുതൂർ, താനാളൂർ, പരിയാപുരം, താനൂർ, നെടുവ, അരിയല്ലൂർ, വള്ളിക്കുന്ന്.
തൃശൂർ: കാടുകുറ്റി, അണ്ണല്ലൂർ, ആളൂർ, കല്ലേറ്റുംകര, കല്ലൂർ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂർ, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേർപ്പ്, ചൊവ്വൂർ, വെങ്ങിണിശ്ശേരി, കണിമംഗലം, കൂർക്കഞ്ചേരി, തൃശൂർ, പൂങ്കുന്നം, വിയ്യൂർ, കുറ്റൂർ, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്പ്, ചെമ്മൻതട്ടി, ചേരാനല്ലൂർ, ചൂണ്ടൽ, ചൊവ്വന്നൂർ, എരനല്ലൂർ, പഴഞ്ഞി, പോർക്കളം, അഞ്ഞൂർ, അവനൂർ.
എറണാകുളം: പിറവം, മണീട്, തിരുവാണിയൂർ, കുരീക്കാട്, കാക്കനാട്, പുത്തൻകുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം, ആലുവ ഈസ്റ്റ്, കീഴ്മാട്, ചൊവ്വര, ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, അങ്കമാലി.
കോട്ടയം: മാടപ്പള്ളി, തോട്ടയ്‌ക്കാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, നാട്ടകം, മുട്ടമ്പലം, പെരുമ്പായിക്കാട്, പേരൂർ, ഏറ്റുമാനൂർ, കാണക്കാരി, ഞീഴൂർ, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം.
വെല്ലുവിളികൾ, പ്രതിഷേധം
പത്തനംതിട്ട, ആലപ്പുഴ: കടമ്പനാട്, പള്ളിക്കൽ, പാലമേൽ, നൂറനാട്, പന്തളം, വെൺമണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂർ, കല്ലൂപ്പാറ, കവിയൂർ, കുന്നന്താനം.
കൊല്ലം: പാരിപ്പള്ളി, കല്ലുവാതുക്കൽ, ചിറക്കര, മീനാട്, ആദിച്ചനല്ലൂർ, തഴുത്തല, തൃക്കോവിൽവട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്പള്ളൂർ, മുളവന, പവിത്രേശ്വരം, കുന്നത്തൂർ, പോരുവഴി, ശാസ്താംകോട്ട.
തിരുവനന്തപുരം: കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂർ, അഴൂർ, കൂന്തള്ളൂർ, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ, കരവാരം, മണമ്പൂർ, നാവായിക്കുളം, പള്ളിക്കൽ.
പദ്ധതി ജലരേഖയോ?
സംസ്ഥാനത്തെ വൻപദ്ധതിക്ക് വിശദമായ പദ്ധതി രൂപരേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവ നടത്തിയിട്ടില്ലെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച പദ്ധതിരൂപരേഖ നൽകിയിട്ടില്ല. അവ്യക്തത അവസാനിക്കാതെ അനുമതി നൽകില്ലെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വയലിലൂടെ നൂറ് കിലോമീറ്ററോളം ദൂരത്തിൽ ആകാശപാത, മുന്നൂറ് കിലോമീറ്റർ എംബാങ്ക്‌മെന്റ്, വിവിധയിടങ്ങളിൽ 11 കിലോ മീറ്റർ ദൈർഘ്യത്തിൽ പാലങ്ങൾ, 11.5 കിലോ മീറ്റർ തുരങ്കം എന്നിവയാണ് കെ.റെയിൽ നിർമാണ പദ്ധതി.
Comments