കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ പില്ലർ നമ്പർ 346 മുതൽ 350 വരെയുള്ള ഭാഗത്തെ റോഡിൽ ഇരു ദിശയിലും ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ബലക്ഷയം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പത്തിനും ഇപ്പോൾ അടിസ്ഥാനമില്ലെന്നും, പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെഎംആർഎൽ അറിയിച്ചു. ആളുകളുടെ സംശയം തീർക്കാനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധിക്കും. നിലവിലുള്ള മെട്രോ റെയിൽ സംവിധാനത്തെ ബാധിക്കാത്ത വിധത്തിൽ, മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് പണി പൂർത്തിയാക്കും എന്നും കെഎംആർഎൽ വ്യക്തമാക്കി.
പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയിൽ പെട്ടപ്പോൾ മുതൽ അതീവ ഗൗരവത്തോടെയാണ് കെഎംആർഎൽ നടപടികൾ കൈക്കൊണ്ടത്. കരാർ കാലാവധി കഴിഞ്ഞ് പോയതാണെങ്കിലും, കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹ്‌റയുടെ അഭ്യർത്ഥന പ്രകാരം എൽ ആൻഡ് ടി സ്വന്തം നിലയ്‌ക്ക് ബലപ്പെടുത്തൽ ജോലി ഏറ്റെടുത്ത് ചെയ്യുകയാണെന്നും വാർത്തകുറിപ്പിൽ പറയുന്നു.
Comments