ധാക്ക : ബംഗ്ലാദേശിൽ ഇസ്‌കോൺ ക്ഷേത്രം തകർത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. ഹാജി ഷഫിയുള്ള എന്നയാൾ വർഷങ്ങളായി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ക്ഷേത്രം വിട്ട് പോകാനാണ് അവർ പറഞ്ഞത് എന്നും പ്രദേശവാസികൾ പറഞ്ഞു. ഇസ്‌കോണിലെ മെഡിക്കൽ ഓഫീസറായ രശ്മാണി കേശവ്ദാസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ധാക്കയിലെ ഇസ്‌കോൺ രാധാകാന്ത ക്ഷേത്രം തകർത്തതിന്റെ ദൃക്‌സാക്ഷി കൂടിയാണ് ഇയാൾ. ക്ഷേത്രം വിട്ട് പോകണമെന്ന് പറഞ്ഞ് ഒരാൾ തങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ക്ഷേത്രം വിട്ട് പോയാൽ പണം തരാമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇഷ്‌റാഫ് സുഫി എന്നയാൾ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കേശവ്ദാസ് പറഞ്ഞു.
പോലീസും മതമൗലികവാദികൾക്കാണ് പിന്തുണ നൽകുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളെ കേൾക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. ക്ഷേത്രം വിട്ട് പോകാനാണ് പോലീസ് പറയുന്നത്. അക്രമികൾ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എന്നാൽ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും കേശവ്ദാസ് ആരോപിച്ചു. പരാതിയുമായി ആരെയെങ്കിലും കണ്ടാൽ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ 10 ഉദ്യോഗസ്ഥരെ കാവൽ നിർത്തിയിട്ടുണ്ട്. എന്നാലും സുരക്ഷിതരാണെന്ന് പറയാനാവില്ല. സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി സഹായിക്കുന്നുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായിക്കണമെന്നും കേശവ്ദാസ് അഭ്യർത്ഥിച്ചു.
മാർച്ച് 17നാണ് ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ 200 പേരടങ്ങുന്ന സംഘമാണ് അഴിഞ്ഞാടിയതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്ന് ഇസ്‌കോൺ അനുയായികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
















Comments