ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. പങ്കാളിത്തവും പുരോഗതിയുമാണ് ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ അടിസ്ഥാനമെന്നും ഇന്ത്യയിലെ ജാപ്പനീസ് കമ്പനികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും നരേന്ദ്ര മോദി ഉറപ്പ് നൽകി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിലെ നിക്ഷേപം 5 ട്രില്യൺ യെൻ അതായത് 3.2 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളാണ് ജപ്പാൻ. ഇത് രാജ്യത്ത് വൻ പുരോഗതിക്കാണ് വഴിവെച്ചത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഇന്ത്യയും ജപ്പാനും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഇന്ത്യയുടെ പഴയ സുഹൃത്താണ്. ജപ്പാന്റെ വിദേശകാര്യ മന്ത്രിയായിരിക്കെ അദ്ദേഹവുമായി ആശയങ്ങൾ കൈമാറാൻ തനിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മോദി ഓർത്തെടുത്തു.
സുസ്ഥിരമായ ഊർജ വിതരണത്തിന്റെ പ്രാധാന്യം ഇന്ത്യയും ജപ്പാനും മനസ്സിലാക്കുന്നു. സുസ്ഥിര സാമ്പത്തിക വളർച്ച എന്ന ലക്ഷ്യം കൈവരിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നം പരിഹരിക്കാനും ഒന്നിച്ച് പോരാടാനാണ് ഇരു രാജ്യങ്ങളുടേയും തീരുമാനം. ‘മേക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്’ എന്ന ആശയത്തിന് വേണ്ടിയുള്ള പ്രയത്‌നമാണ് ഇന്ന് ഇന്ത്യ നടത്തുന്നത്. ജാപ്പനീസ് കമ്പനികൾ വളരെക്കാലമായി നമ്മുടെ ബ്രാൻഡ് അംബാസഡർമാരാണെന്നും മോദി പറഞ്ഞു.
ചരക്ക് ഇടനാഴി, മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ തുടങ്ങിയ നമ്മുടെ മുൻനിര പദ്ധതികളിൽ ജപ്പാന്റെ സഹകരണം ശ്രദ്ധേയമാണ്. ഈ സംഭാവനയ്‌ക്ക് നന്ദിയറിയിച്ച മോദി മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതി മികച്ച രീതിയലാണ് പുരോഗമിക്കുന്നത് എന്ന് വ്യക്തമാക്കി.
നിരവധി പ്രശ്‌നങ്ങൾ മൂലം ലോകം മുഴുവൻ ഇന്ന് പ്രതിസന്ധിയിലാണ്. ഇന്ത്യയ്‌ക്കും ജപ്പാനും അടുത്ത പങ്കാളിത്തം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരെ ഇന്ത്യ സംസാരിച്ചു. അന്താരാഷ്‌ട്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സമാധാനപരമായ ഒരു പരിഹാരം ആവശ്യമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
തുടർന്ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് മീറ്റിലേക്ക് ജപ്പാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു. ഇന്ത്യയ്‌ക്ക് ഒപ്പം ജപ്പാനും യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്‌നിനും അയൽ രാജ്യങ്ങൾക്കും പിന്തുണ നൽകാനും ശ്രമിക്കുമെന്ന് കിഷിദ പറഞ്ഞു. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ ഊർജ്ജ പങ്കാളിത്തം നടത്തുമെന്നും പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ മേഖലയിലെ സുസ്ഥിര വികസന സംരംഭം ജപ്പാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ആറ് കരാറുകളിലും ഒപ്പുവെച്ചു.
















Comments