കൊൽക്കത്ത: ദ കശ്മീർ ഫയൽസ് സിനിമ കണ്ട് മടങ്ങുകയായിരുന്ന ലോക്‌സഭാംഗത്തിന് നേരെ ബോംബാക്രമണം ഉണ്ടായെന്ന് ആരോപണം. പഞ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ സിനിമ കണ്ട് മടങ്ങുകയായിരുന്ന ബിജെപി എംപി ജഗന്നാഥ് സർക്കാറിന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാറിന് പിന്നിൽ ബോംബ് പതിച്ചെന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും എംപി വ്യക്തമാക്കി.
സംസ്ഥാനത്ത് ക്രമസമാധാന നില വഷളായതിനാൽ ബംഗാളിൽ ആരും സുരക്ഷിതരല്ല. സംസ്ഥാന സർക്കാർ ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ പശ്ചിമ ബംഗാളിൽ ക്രമസമാധാന നില വഷളായെന്നും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ജഗന്നാഥ് സർക്കാർ ആവശ്യപ്പെട്ടു.
കശ്മീർ പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദ കശ്മീർ ഫയൽ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ കശ്മീർ ഫയൽസ് വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Comments