ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് വിജയകരമായി പ്രദർശനം തുടരുകയാണ്. കശ്മീർ വംശഹത്യയുടെ യഥാർത്ഥ ആവിഷ്‌കാരമാണ് സിനിമയെന്നാണ് ഉയരുന്ന പ്രതികരണം. അതിനാൽ തന്നെ പല സംസ്ഥാങ്ങളും ചിത്രത്തിന് നികുതി ഒഴിവാക്കിയിരുന്നു. മദ്ധ്യപ്രദേശ് സർക്കാർ പോലീസിന് ഒരു ദിവസത്തെ അവധി കൊടുക്കുകയും അസം സർക്കാർ ഉദ്യോഗസ്ഥർക്ക് സിനിമ കാണാൻ ഹാഫ് ഡേ അവധി നൽകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ നികുതി ഒഴിവാക്കുന്നതിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സവിത രാജ് ഹിരേമത്ത്. അമിതാഭ് ബച്ചൻ നായകനായെത്തിയ ജുണ്ഡിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് സവിത. തന്റെ ചിത്രത്തിനും ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും നികുതി രഹിതമാക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. രാജ്യത്തിന്റെ വളർച്ചയ്‌ക്ക് നിർണ്ണായക ഭാഗമായ ചിത്രമാണ് ജുണ്ഡെന്നും സവിത പറയുന്നു.
മാർച്ച് നാലിനാണ് ജുണ്ഡ് റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നതിനിടെയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന് കേന്ദ്രസർക്കാരിൽ നിന്നും വിവിധ സംസ്ഥാന സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചു. പിന്നാലെ നികുതി രഹിതമാക്കി. കശ്മീർ ഫയൽസ് പോലെ അല്ലെങ്കിലും തന്റെ സിനിമയും സുപ്രധാന വിഷയമാണ് മുന്നോട്ട് വെയ്‌ക്കുന്നതെന്ന് സവിത പറഞ്ഞു.
‘ഞാൻ കാശ്മീർ ഫയൽസ് കണ്ടിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ ഹൃദയഭേദകമാണ്. ഇത് പറയേണ്ട കഥ തന്നെയാണ്. എന്നാൽ ജുണ്ഡിന്റെ നിർമ്മാതാവ് എന്ന നിലയിൽ ഞാൻ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ജുണ്ഡും വലിയ സന്ദേശം മുന്നോട്ട് വെയ്‌ക്കുന്ന ചിത്രമാണ്. അതിന് പ്രേക്ഷകരിൽ നിന്നും മികച്ച അംഗീകാരവും ലഭിച്ചു. ഈ സാഹചര്യത്തിൽ കശ്മീർ ഫയൽസിന് മാത്രം നികുതി ഒഴിവാക്കാനുള്ള കാരണമെന്താണ്’ സവിത ചോദിച്ചു.
സിനിമ തെരഞ്ഞെടുക്കുന്നതിനും അതിനെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതിനുമുള്ള സർക്കാർ മാനദണ്ഡം എന്താണെന്ന് അറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സവിത ട്വിറ്ററിൽ കുറിച്ചു. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരടങ്ങിയ കശ്മീർ ഫയൽസിന് ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, ഹരിയാന, കർണാടക, ത്രിപുര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു.
















Comments