ന്യൂഡൽഹി: ഗുജറാത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെയും, ബാറ്ററികളുടെയും നിർമ്മാണത്തിന് വൻ നിക്ഷേപത്തിനൊരുങ്ങി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷൻ. നിർമ്മാണത്തിനായി 10,440 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതി സംബന്ധിച്ച് ഗുജറാത്ത് സർക്കാരുമായി സുസുക്കി അധികൃതർ ധാരണാപത്രിത്തിൽ ഒപ്പുവെച്ചു.
രാജ്യതലസ്ഥാനത്ത് നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രിത്തിൽ ഒപ്പിട്ടത്. കൂടാതെ, ആത്മനിർഭർ ഭാരതിനായി ഇനിയും വൻ തുക സുസുക്കി ഇന്ത്യയിൽ നിക്ഷേപിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ചെറിയ കാറുകൾ ഉപയോഗിച്ച് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സുസുക്കിയുടെ ഭാവി ദൗത്യമെന്നാണ് സുസുക്കി മോട്ടോർ ഡയറക്ടറുടെ പ്രതിനിധി തൊഷീറോ സുസക്കി അറിയിച്ചത്. ചെറിയ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. അതുകൊണ്ട് തന്നെ ഇവി മേഖലയിലേയ്‌ക്കുള്ള കമ്പനിയുടെ പ്രവേശനം ഇവിടെ താങ്ങാനാകുന്ന വിലയ്‌ക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ കാറുകളുടെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് പുതിയ ഇവികളുടെ ഉത്പാദന ലൈൻ നിർമ്മിക്കുമെന്ന് സുസുക്കി അറിയിച്ചു. 2020ഓടെ രാജ്യത്ത് വിൽക്കുന്ന കാറുകളിൽ 30 ശതമാനവും വൈദ്യുത വാഹനങ്ങളാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക അനുകൂല്യങ്ങളും നൽകുന്നുണ്ട്.
















Comments