കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലയുന്ന ശ്രീലങ്കയിൽ, കടലാസ് ക്ഷാമത്തെത്തുടർന്ന് നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. വിദേശനാണ്യ ലഭ്യത കുറഞ്ഞതിനെ തുടർന്ന്, അച്ചടി സ്ഥാപനങ്ങൾക്ക് കടലാസും മഷിയും ഇറക്കുമതി ചെയ്യാനാകുന്നില്ലെന്ന് പടഞ്ഞാറൻ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. രാജ്യത്താകെ 45 ലക്ഷം വിദ്യാർത്ഥികളാണുള്ളത്.
ഈ വർഷം മാത്രം 690 കോടി ഡോളർ വിദേശകടം തിരിച്ചടയ്‌ക്കാനുള്ള ശ്രീലങ്കയുടെ വിദേശനാണ്യശേഖരം നിലവിൽ 230 കോടി ഡോളർ മാത്രമാണ്. ഇന്ത്യയിൽ നിന്ന് അടിയന്തരസഹായമായി കഴിഞ്ഞ ദിവസം 100 കോടി ഡോളർ സഹായം നൽകിയിരുന്നു. എന്നാൽ, ശ്രീലങ്ക പ്രധാനമായും ആശ്രയിച്ചിരുന്ന മറ്റൊരു രാജ്യമായ ചൈനയിൽ നിന്നും ഇതുവരെ കാര്യമായ പ്രതികരണമുണ്ടായിട്ടില്ല.
ഐഎംഎഫ് സഹായത്തോടെ വായ്പകൾ പുനഃക്രമീകരിച്ച്, ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാനാണ് ശ്രീലങ്ക ഇപ്പോൾ ശ്രമിക്കുന്നത്. കൊറോണ മൂലം ടൂറിസം മേഖലയ്‌ക്കുണ്ടായ തിരിച്ചടി, ഇന്ധനവിലക്കയറ്റം, തേയില കയറ്റുമതിയിലെ പ്രതിസന്ധി എന്നിവയും ശ്രീലങ്കയ്‌ക്ക് തിരിച്ചിടിയായി.
Comments