ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നും ബംഗളൂരുവിലെ വിമാനത്താവളം വഴി വിദേശത്തേക്ക് വിഗ്രഹം കടത്താൻ ശ്രമം. സംഭവത്തിൽ കുംഭകോണം സ്വദേശിയായ 28 കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾ പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം ആണ് ഇയാൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്.
കെംബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് വിഗ്രഹം പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും ഇതുവഴി വിഗ്രഹം കടത്താൻ ശ്രമിക്കുന്നതായി കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ആളുകളെയെല്ലാം വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് കടത്തിവിട്ടത്. എന്നാൽ വിഗ്രഹം കാണാത്തതിനെ തുടർന്ന് കാർഗോ സെന്ററിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് വിഗ്രഹം കണ്ടെടുത്തത്.
പുതിയ ചെമ്പുകൊണ്ടുള്ള പുരാതന വിഗ്രഹം എന്ന് ഇതിന് പുറത്തായി എഴുതിയിരുന്നു. തുടർന്ന് തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതിന് ശേഷം ഉടമസ്ഥനെ വിളിച്ച് ചോദ്യം ചെയ്തു. ആദ്യം എതിർത്തെങ്കിലും പിന്നീട് കുംഭകോണം സ്വദേശി കുറ്റം സമ്മതിക്കുകയായിരുന്നു.
മലേഷ്യയിലേക്കാണ് ഇയാൾ വിഗ്രഹം കടത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 11(സി) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
22.5 കിലോയാണ് വിഗ്രഹത്തിന്റെ ഭാരം. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹത്തിന് കോടികൾ വിലവരുമെന്നാണ് കണക്കാക്കുന്നത്.
Comments