ശ്രീനഗർ : ജമ്മു കശ്മീരിൽ മഹാരാജ ഗുലാബ് സിംഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. കത്വയിലെ ലഖാൻപൂരിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലുള്ള ആദ്യത്തെ പ്രതിമയാണ് ഇത്. 20 അടി ഉയരമുളള വെങ്കല പ്രതിമയാണ് ഒരുക്കിയത്.
കശ്മീരിലെ പ്രശസ്ത ശിൽപിയും പദ്മശ്രീ ജേതാവുമായ രവീന്ദർ ജാംവാൾ ആണ് പ്രതിമ തയ്യാറാക്കിയത്. മൂന്ന് വർഷമെടുത്താണ് കുതിരപ്പുറത്തിരിക്കുന്ന മഹാരാജ ഗുലാബ് സിംഗിന്റെ രൂപം അദ്ദേഹം പൂർത്തിയാക്കിയത്. 75 ലക്ഷം രൂപ മുടക്കിയാണ് പ്രതിമ നിർമിച്ചത്. രവി പാലം കടന്നതിന് ശേഷം ലഖാൻപൂർ വഴി ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നതാണ് പ്രതിമയെന്ന് ലഖാൻപൂർ മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് രവീന്ദർ ശർമ്മ പറഞ്ഞു. വൈഷ്ണോദേവി ക്ഷേത്രത്തിലും അമർനാഥിലും തീർത്ഥാടനത്തിനെത്തുന്ന നിരവധി പേർ ഈ പാത തിരഞ്ഞെടുക്കാറുണ്ട്.
ഗുലാബ് സിംഗ് മഹാരാജാവിന്റെ സംഭാവനകളും ജീവിതവും ഒരു ഫലകത്തിൽ ഇതോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. കത്വ ഉദംപൂർ ദോദ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗമാണ് ജിതേന്ദ്ര സിംഗ്.
















Comments