ചണ്ഡീഗഡ്: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയും പലായനവും പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രം ‘ദി കശ്മീർ ഫയൽസ്’ നികുതി രഹിതമായി പ്രഖ്യാപിച്ച് ചണ്ഡീഗഡ് ഭരണകൂടം. ചണ്ഡീഗഡ് മൾട്ടിപ്ലെക്‌സുകളിലും തീയേറ്ററുകളിലും അടുത്ത നാല് മാസത്തേക്ക് ചിത്രത്തിന് കേന്ദ്രഭരണ പ്രദേശത്തെ ചരക്ക് സേവന നികുതി ഈടാക്കേണ്ടതില്ലെന്ന് ചണ്ഡീഗഡ് ഭരണകൂടം നിർദ്ദേശം നൽകി.
ചണ്ഡീഗഡിലെ എക്സൈസ് ആൻഡ് ടാക്‌സേഷൻ വകുപ്പിന്റെ ഉത്തരവ് അടുത്ത നാല് മാസത്തേക്ക് നിലനിൽക്കും. ഈ ഓർഡറിന്റെ തീയതിക്ക് മുമ്പ് ശേഖരിച്ച നികുതിയും, നാല് മാസത്തിന് ശേഷം ശേഖരിക്കുന്ന നികുതിയും തിരികെ നൽകില്ലെന്നും ഭരണകൂടം അറിയിച്ചു. സിനിമാ തീയേറ്ററുകളും മൾട്ടിപ്ലെക്സുകളും പ്രവേശന തുകയിൽ വർദ്ധനവ് വരുത്തുകയോ വിവിധ ക്ലാസുകളിലെ സീറ്റിങ് കപ്പാസിറ്റിയിൽ മാറ്റം വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
ഇതിനോടകം ഗോവ, മധ്യപ്രദേശ്, കർണാടക, ഹരിയാന, ബീഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ചിത്രം നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 11ന് തീയേറ്ററുകളിൽ എത്തിയ ചിത്രം, 10-ാം ദിവസം 28 കോടിയാണ് കളക്ഷൻ നേടിയത്. ഇതോടെ സിനിമയുടെ ആകെ കളക്ഷൻ 170 കോടി രൂപയോളം എത്തി എന്നാണ് റിപ്പോർട്ട്.
യുഎസിലും കാനഡയിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം അടുത്തിടെ നേപ്പാളിൽ റിലീസ് ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്, തെലങ്കാന, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡബ്ബ് ചെയ്ത പതിപ്പുകൾ ഉടനെ തിയറ്ററുകളിൽ എത്തും. ഇപ്പോൾ ഹിന്ദി ചിത്രം ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ ലഭ്യമാണ്.
ആദ്യ ദിനം വെറും 630 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 4000-ലധികം കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തുന്നത്. വിദേശത്തുള്ള 320 സ്‌ക്രീനുകൾ ഉൾപ്പെടെ മൊത്തം സ്‌ക്രീനുകളുടെ എണ്ണം 4320 ആയി. കൂടാതെ ലോകമെമ്പാടും 11,200ലധികം ഷോകൾ നടത്തിയിട്ടുണ്ട്.
‘ദ താഷ്‌കന്റ് ഫയൽസ്’, ‘ഹേറ്റ് സ്റ്റോറി’, ‘ബുദ്ധ ഇൻ എ ട്രാഫിക് ജാം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് ‘ദ കശ്മീർ ഫയൽസി’ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
Comments