ഇംഫൽ: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ബിരേൻ സിംഗിനെ ഐകകണ്‌ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും തെരഞ്ഞെടുത്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലാ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇംഫാലിൽ ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ബിരേൻ സിംഗിനെ തന്നെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ, കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജു, ബിജെപി മുതിർന്ന നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 60 അംഗ നിയമസഭയിൽ 32 സീറ്റുകൾ നേടിയാണ് മണിപ്പൂരിൽ ബിജെപി തുടർഭരണം പിടിച്ചത്.
മുൻ ഫുട്ബോൾ താരമായിരുന്ന 61 കാരൻ ബീരേൻ സിംഗ് മാദ്ധ്യമരംഗത്ത് നിന്നാണ് 2002ൽ സജീവ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. 2016ൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു. 2017ൽ സ്വന്തം മണ്ഡലം നിലനിർത്തി മുഖ്യമന്ത്രിയുമായി. ഇത്തവണ സഖ്യങ്ങളില്ലാതെ മത്സരിച്ച് ജയിച്ച ബിജെപിക്ക് കരുത്തനായ മുഖ്യമന്ത്രി എന്ന നിലയിലാണ് ബീരേൻ രണ്ടാം ഘട്ടത്തിലെ ഭരണത്തിന് ചുക്കാൻ പിടിക്കുന്നത്.
















Comments