ധാക്ക: മദ്രസയിലെ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. അഞ്ച് ദിവസം മുൻപ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയത്. മകന്റെ മരണത്തിന് പിന്നിൽ മദ്രസ അദ്ധ്യാപകരാണെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
മുൻഷിഗഞ്ചിലെ കെയ്തഖലി പ്രദേശത്ത് നിന്നും അഞ്ച് ദിവസം മുൻപാണ് 13കാരനായ റാക്കിബ് ഹുസൈനെ കാണാതായത്. അസീസിയ ദാറുൽ ഉലൂം മദ്രസയിലെ വിദ്യാർത്ഥിയായിരുന്നു റാക്കിബ്. കാണാതായ കുട്ടിയുടെ മൃതദേഹം മദ്രസയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മരണത്തിൽ മദ്രസ അദ്ധ്യാപകർക്ക് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചത്.
‘മാർച്ച് 15നാണ് റാക്കിബിനെ കാണാതായത്. മദ്രസയിലേയ്‌ക്കെന്ന് പറഞ്ഞാണ് അവൻ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ നേരം വൈകിയും തിരികെ എത്താതെ വന്നപ്പോൾ ഞങ്ങൾ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് അവൻ മദ്രസയിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. അവനെ കാണാതായ വിവരം ഉച്ചഭാഷിണിയിലൂടെ അറിയിക്കണമെന്ന് മദ്രസ അദ്ധ്യാപകരോട് ആവശ്യപ്പെട്ടിട്ടും അവർ അതിന് അനുവദിച്ചില്ല. മകനെ ജിന്ന് കൊണ്ടുപോയെന്നും അദ്ധ്യാപകർ പറഞ്ഞു’ റാക്കിബിന്റെ മാതാപിതാക്കൾ പറയുന്നു.
റാക്കിബിന്റെ കഴുത്തും, കൈകാലുകളും മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കാണാതാകുമ്പോൾ ധരിച്ച അതേ വസ്ത്രമായിരുന്നു മൃതദേഹത്തിൽ ഉണ്ടായിരുന്നത്. റാക്കിബിനെ കാണാതായ അന്ന് പരാതി നൽകാൻ പറഞ്ഞപ്പോൾ മദ്രസ അദ്ധ്യപകർ അതിന് വിസമ്മതിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിന് പിന്നിൽ മദ്രസ അദ്ധ്യാപകരുടെ പങ്ക് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
















Comments