ന്യൂഡൽഹി: പഞ്ചാബിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലീകരിക്കാൻ ആംആദ്മി പാർട്ടി. ഇപ്പോഴിതാ ഈ സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കാൻ ചുമതലക്കാരെ നിയോഗിച്ചിരിക്കുകയാണ് പാർട്ടി. കേരളം, പഞ്ചാബ്, ഹിമാചൽപ്രദേശ്. ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലുങ്കാന, ഹരിയാന. അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഭാരവാഹികളെ നിയമിച്ചത്.
വരാനിരിക്കുന്ന തെലുങ്കാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കുന്നതിന് പാർട്ടിയിലെ പരിചയസമ്പന്നരായ നേതാക്കളെ നിയോഗിച്ചുവെന്നും ആംആദ്മി അറിയിച്ചു. കേരളത്തിൽ ആംആദ്മി പാർട്ടി നേതാവ് എ രാജയ്‌ക്കാണ് ചുമതല നൽകിയിരിക്കുന്നത്.
ഗുജറാത്തിൽ പട്യാല എംഎൽഎ ഗുലാബ് സിംഗിനാണ് ചുമതല. 2016 മുതൽ പാർട്ടിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഗുലാബ് സിംഗ്. പഞ്ചാബിൽ ഡോ. സന്ദീപ് പതക്കും ഹിമാചൽ പ്രദേശിൽ ഡൽഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദർ ജയ്‌നിനുമാണ് ചുമതല. ഹരിയാനയെ സൗത്ത് ഡൽഹി എംഎൽഎ സൗരഭ് ഭരദ്വജ് നയിക്കും.
പഞ്ചാബിലെ വിജയത്തിന് പിന്നാലെ പാർട്ടിയുടെ പ്രവർത്തനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എഎപി മുതിർന്ന നേതാവ് സോമനാഥ് ഭാരതി പറഞ്ഞിരുന്നു. അതത് സംസ്ഥാനങ്ങളിൽ പാർട്ടിയുടെ മെമ്പർഷിപ്പ് ഡ്രൈവ് നടത്താനും ആലോചനയുണ്ട്. പഞ്ചാബിൽ ആകെയുള്ള 117 സീറ്റിൽ 92ലും വിജയിച്ചാണ് ആം ആദ്മി പാർട്ടി പുതു ചരിത്രമെഴുതിയത്.
Comments