പിങ്ക് പോലീസ് പരസ്യ വിചാരണ: കുട്ടിയ്‌ക്ക് നഷ്ടപരിഹാരം കൊടുക്കാനാകില്ലെന്ന സർക്കാർ അപ്പീൽ ഇന്ന് ഡിവിഷൻ ബഞ്ചിൽ

Published by
Janam Web Desk

തിരുവനന്തപുരം: പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ പരസ്യമായി അപമാനിച്ച സംഭവത്തിൽ കുട്ടിയ്‌ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഏതെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയ്‌ക്ക് സർക്കാർ എങ്ങനെ നഷ്ടപരിഹാരം കൊടുക്കുമെന്നാണ് സർക്കാർ അപ്പീലിൽ ചോദിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ നീക്കം.

കുട്ടിയ്‌ക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കുട്ടിയ്‌ക്ക് തോന്നണമെന്ന് വിലയിരുത്തിയായിരുന്നു കുട്ടിയ്‌ക്ക് നഷ്ടപരിഹാരം കൊടുക്കണണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. എന്നാൽ നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടാണ് സർക്കാരെടുത്തത്. സർക്കാർ നീതികേടാണ് കാണിച്ചതെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. കുട്ടിയെ ചേർത്ത് പിടിക്കേണ്ട സർക്കാരിൽ നിന്നാണ് ഇത്തരമൊരു നീക്കം വന്നതെന്നും ജയചന്ദ്രൻ പറഞ്ഞിരുന്നു.

2021 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആറ്റിങ്ങലിൽ ഐഎസ്ആർഒയുടെ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നക്കൽ സ്വദേശിയായ അച്ഛൻ ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. അപ്പോൾ സമീപത്ത് വാഹനം നിർത്തിയിട്ടിരുന്ന പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ ഫോൺ കാണാതായി. തുടർന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയ്‌ക്കെതിരേയും പിതാവിനെതിരേയും മോഷണം ആരോപിക്കുകയായിരുന്നു.

പോലീസ് വാഹനത്തിൽ നിന്നും ഫോൺ മോഷ്ടിച്ചത് പെൺകുട്ടിയാണെന്ന് ആരോപിച്ച് പിങ്ക് പോലീസ് കുട്ടിയെ പരസ്യവിചാരണ ചെയ്യുകയും ചെയ്തു. പെൺകുട്ടിയോടും പിതാവിനോടും ഇവർ മോശമായി പെരുമാറി. തുടർന്ന് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥയുടെ ഫോൺ വാഹനത്തിൽ നിന്ന് തന്നെ കിട്ടി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാവുകയായിരുന്നു.

Share
Leave a Comment