തിരുവനന്തപുരം: കെ-റെയിൽ സാദ്ധ്യമാകുമ്പോൾ സംസ്ഥാനത്തെ ഗ്രാമങ്ങളുടെ എണ്ണം ചുരുങ്ങുമെന്ന് സമരക്കാർ. ഭൂമി ഏറ്റെടുക്കൽ ആക്ടിലെ വ്യവസ്ഥകൾ പാലിച്ചാൽ അടുത്തടുത്ത് നഗരപ്രദേശങ്ങളുള്ള കേരളത്തിൽ ഗ്രാമപ്രദേശങ്ങളുടെ എണ്ണം കുറയും. അതിനാൽ തന്നെ വ്യവസ്ഥകളിൽ പറയുന്ന നാലിരട്ടി നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് പ്രതിഷേധ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
2013ലെ റൈറ്റ റ്റു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വസിഷൻ റിഹാലിബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചാണ് കെ-റെയിലിനായും ഭൂമി ഏറ്റെടുക്കുന്നത്. ഇതിലെ വ്യവസ്ഥകൾ അനുസരിച്ച് നഗരങ്ങളിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളാണ് ഗ്രാമപ്രദേശമായി കണക്കാക്കുന്നത്.
അതിവേഗ റെയിൽവേ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുമ്പോൾ മികച്ച രീതിയിൽ പുനരധിവാസം ഉറപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഭൂമിയുടെ മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുക. നഗര പ്രദേശങ്ങളിൽ മാർക്കറ്റ് വിലയുടെ രണ്ട് ഇരട്ടിയും നഷ്ടപരിഹാരം നൽകും. ഈ നാലിരട്ടി ലഭിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് സമരക്കാർ പറയുന്നത്.
കെ-റെയിലിൽ വീട് നഷ്ടമാകുന്നവർക്ക് 4.60 ലക്ഷം രൂപയായിരിക്കും ലഭിക്കുക. ഇതിന് പുറമെ നഷ്ടപരിഹാരവും ലഭിക്കും. ഇതല്ലെങ്കിൽ ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ ഒന്നരലക്ഷം രൂപയും ലൈഫ് മാതൃകയിലുള്ള വീടും നിർമ്മിച്ച് നൽകും. വീടുകളുടെ നഷ്ടപരിഹാരത്തിനായി മാത്രം 4460 കോടി രൂപ നീക്കിവെക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
10,347 കെട്ടിടങ്ങളെ സിൽവർ ലൈൻ ബാധിക്കുമെന്നാണ് ഡിപിആറിലുള്ളത്. ഇതിൽ പത്ത് ശതമാനം കെട്ടിടങ്ങൾ സംരക്ഷണ ഭിത്തി നിർമ്മിച്ച് നിലനിർത്താം. 9314 കെട്ടിടങ്ങളാണ് പൂർണ്ണമായും പൊളിക്കേണ്ടത്. ഗ്രാമങ്ങളിൽ 3930 കെട്ടിടങ്ങൾ നഷ്ടമാകും. ഇതിന് 1572 കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുള്ളത്. ആയിരം ചതുരശ്രഅടി വലിപ്പമുള്ള ശരാശരി കെട്ടിടമൊന്നിന് 10 ലക്ഷം രൂപ അടിസ്ഥാന വില കണക്കാക്കി നഷ്ടപരിഹാരം നൽകാനാണ് ഈ തുക. പൊതുമരാമത് വകുപ്പാണ് ഇതിവ് വില നിശ്ചയിക്കുന്നത്.
















Comments