സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് വിവേക് അഗ്‌നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ദിനംപ്രതി മുന്നേറുകയാണ് ചിത്രത്തിന്റെ പ്രദർശനം.
1990 കാലഘട്ടത്തെ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കൂട്ടക്കൊലയും ആസ്പദമാക്കി ചിത്രീകരിച്ച സിനിമയ്‌ക്ക് നിരവധി പ്രമുഖരാണ് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് താരം അജയ് ദേവ്ഗണും സിനിമയെക്കുറിച്ചുള്ള തന്‌റെ പ്രിതികരണമറിയിച്ചിരിക്കുകയാണ്.
അജയ് ദേവ്ഗണിന്റെ വരാനിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘റൺവേ 34’ ന്റെ ട്രെയിലർ ലോഞ്ച് വേളയിലാണ് അദ്ദേഹം കശ്മീർ ഫയൽസിന്റെ വിജയത്തെക്കുറിച്ച് പരാമർശിച്ചത്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ഏറ്റവും നല്ല മാർഗം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമകൾ ചെയ്യുന്നതാണോയെന്ന ചോദ്യത്തിന് നടൻ മറുപടി നൽകിയത് ഇപ്രകാരമാണ്.
‘ദി ലെജൻഡ് ഓഫ് ഭഗത് സിംഗ്’ പോലുള്ള സിനിമകൾ താൻ ചെയ്തിട്ടുണ്ട്. അത്തരം കഥകൾ വളരെയധികം പ്രചോദിപ്പിക്കുന്നതാണ്. ചിലപ്പോൾ അത്തരമൊരു കഥ മെനഞ്ഞുണ്ടാക്കുക പ്രയാസമായിരിക്കും. യഥാർത്ഥ കഥയുടെ ശക്തി ഫിക്ഷൻ എഴുതിയാൽ ചിലപ്പോൾ ലഭിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സിനിമ ചെയ്യാൻ വേണ്ടി യഥാർത്ഥ സംഭവങ്ങൾ കണ്ടെത്തുക എന്നതിൽ കാര്യമില്ലെന്നും നടൻ കൂട്ടിച്ചേർത്തു. യഥാർത്ഥ കഥ കേൾക്കുമ്പോൾ, അത് ലോകം അറിയണമെന്ന ചിന്ത നമ്മുടെയുള്ളിൽ തോന്നും. ആ ചിന്തയുണ്ടാകുമ്പോഴാണ് അത് സിനിമയായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
















Comments