കോട്ടയം : കെ റെയിലിനെതിരെ കോട്ടയത്ത് പ്രതിഷേധം ശക്തമാകുന്നു. കോട്ടയം നട്ടാശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ എത്തി സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. കെ റെയിൽ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്.
കെ റെയിൽ ഇവിടെ നടക്കില്ലെന്നും കല്ലുകൾ പിഴുതെറിയുമെന്നും മുദ്രാവാക്യം വിളിച്ചാണ് ജനപ്രതിനിധികൾ ഉൾപ്പെടെ സമരത്തിനിറങ്ങിയിരിക്കുന്നത്. സ്ഥാപിച്ച കുറ്റികൾ എല്ലാം നാട്ടുകാർ തോട്ടിലെറിഞ്ഞു. നാട്ടുകാർ നേരിട്ടിറങ്ങി സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന കാഴ്ചയാണ് കോട്ടയത്ത് ഇന്ന് രാവിലെയോടെ കണ്ടത്.
രാവിലെ എട്ടരയോടെയാണ് ജനങ്ങളെയെല്ലാം ബന്ദിയാക്കിക്കൊണ്ട് പോലീസ് സന്നാഹം എത്തി കെ റെയിൽ കല്ലുകൾ സ്ഥാപിച്ചത്. ഇത് ജനങ്ങളെ ആകെ ഭീതിയിലാഴ്‌ത്തി. സംഘർഷം ഉണ്ടാകാതിരിക്കാൻ നാട്ടുകാരെ തടഞ്ഞുവെച്ചാണ് പോലീസ് കുറ്റികൾ കുഴിച്ചിട്ടത്. ഇത് ജനങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു.
പോലീസ് ബാരിക്കേഡുകൾ പൊളിച്ചാണ് നാട്ടുകാർ പോലീസിനെതിരെ പ്രതിഷേധിച്ചത്. ഇനിയും കല്ലുകൾ ഇട്ടാൽ അതും പിഴുതെറിയുമെന്നും ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന സമരമാണിതെന്നും നാട്ടുകാർ പറഞ്ഞു. ആയിരം പേർക്കെതിരെ കേസെടുത്താലും സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും സമരസമിതി നേതാക്കൾ പറയുന്നു. കോട്ടയം ജില്ലയിൽ സ്ഥാപിച്ച എല്ലാ കല്ലുകളും പിഴുതി മാറ്റുമെന്നും നേതാക്കൾ വ്യക്തമാക്കി.
കെ റെയിൽ കല്ലുകൾഎത്തിച്ച വാഹനങ്ങളും സമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പ്രതിഷേധം കനത്തതോടെ കല്ലുകൾ വാഹനത്തിൽ തന്നെ തിരിച്ചുകൊണ്ടുപോയി.
















Comments