കൊച്ചി: ദുൽഖർ സൽമാന് പിന്നാലെ കൂടുതൽ ഒടിടി റിലീസുകാരെ പൂട്ടാനൊരുങ്ങി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടൻ ദിലീപ് അടക്കമുള്ളവരെ വിലക്കണമെന്ന് ഫിയോക്ക് പറയുന്നു. തുടർച്ചയായി സിനിമകൾ ഒടിടിയ്‌ക്ക് നൽകുന്നതിനാലാണ് തീരുമാനം. സംഘടനയുടെ ഭരണഘടന ഭേദഗതിചെയ്യും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 31ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ഫിയോക്ക് അറിയിച്ചു.
ഒടിടി റിലീസ് ചെയ്യുന്നവരെ സംഘടനാ ഭാരവാഹികൾ ആക്കരുതെന്നാണ് പൊതുവികാരം. ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ നീക്കം ചെയ്യണമെന്നാണ് തീയേറ്റർ ഉടമകളുടെ ആവശ്യം. പുതിയ ഭേദഗതി വന്നാൽ ദിലീപിനും ആന്റണി പെരുമ്പാവൂരിനും പദവികൾ നഷ്ടമാകും. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ആജീവനന്ത ചെയർമാനാണ് ദിലീപ്. സംഘടനയുടെ ആജീവാനന്ത വൈസ് ചെയർമാനാണ് ആന്റണി പെരുമ്പാവൂർ.
റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് തീയേറ്റർ റീലസ് വാഗ്ദാനം ചെയ്ത് ഒടിടിയിൽ റിലീസ് ചെയ്തുവെന്ന് ആരോപിച്ച് നടൻ ദുൽഖർ സൽമാനെ വിലക്കുമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. ദുൽഖർ നിർമ്മിക്കുന്ന ചിത്രങ്ങളും അഭിനയിക്കുന്ന ചിത്രങ്ങളും തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്നാണ് ഫിയോക്ക് അറിയിച്ചത്. പിന്നാലെയാണ് കൂടുതൽ സിനിമകൾ ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തീയേറ്റർ ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.
Comments