വി.കെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായരും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സിനിമാ നടന്മാരുടെ ഫാൻസിനെ കുറിച്ച് പറഞ്ഞ വിനായകന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫാൻസ് വിചാരിച്ചാൻ ഒരു സിനിമയെ തോൽപ്പിക്കാനോ ജയിപ്പിക്കാനോ കഴിയില്ലെന്ന് വിനായകൻ പറയുന്നു.
വിനായകന്റെ വാക്കുകൾ ഇങ്ങനെ ‘ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരു ഉദാഹരണം ഞാൻ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം., പടം ഇറങ്ങി നാല് മണിക്കൂർ കഴിഞ്ഞ് ഞാൻ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാൻ അന്വേഷിച്ച് ചെന്നപ്പോൾ പടം തുടങ്ങിയത് 1230നാണ്. ഒന്നരയ്‌ക്ക് ഇന്റർവെല്ലായപ്പോൾ ആൾക്കാർ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ ഒന്നരക്കോടി എന്നത്.
ഇവിടുത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ പടമാണ്. ഒരു പൊട്ടനും ആ പടം കാണാൻ ഉണ്ടായിരുന്നില്ല. അപ്പോൾ ഇവർ വിചാരിച്ചത് പോലെ ഈ പരിപാടി നടക്കില്ല. ഞാൻ വീണ്ടും പറയാം ഈ ഫാൻസ് വിചാരിച്ചതു കൊണ്ട് ഒരു സിനിമയും നന്നാവാൻ പോകുന്നില്ല. ഒരെണ്ണവും മോശമാകാനും പോണില്ല’ വിനായകൻ പറഞ്ഞു. ഫാൻസ് ഷോ നിരോധിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഫാൻസിനെ നിരോധിക്കണമെന്നാണ് വിനായകൻ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ചും ക്യാപ്ഷൻ ഇല്ലാതെ പോസ്റ്റിടുന്നതിനെ കുറിച്ചും വിനായകൻ പ്രതികരിച്ചു. കൊള്ളേണ്ടവർക്ക് കൊണ്ടാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യുമെന്നാണ് വിനായകൻ പറഞ്ഞു. ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ച് കൊണ്ടാകും പോസ്റ്റിടുന്നത്. മനസറിഞ്ഞാണ് പോസ്റ്റിടുന്നത്. മാന്യനെന്ന് പറഞ്ഞ് വെള്ളപൂശി നടക്കുന്നവരെ താനെന്നും ചീത്ത പറയുമെന്നും വിനായകൻ പറഞ്ഞു.
അതേസമയം ഒരുത്തീ തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള നവ്യ നായരുടെ ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്ത്രീയാണ് പുരുഷനെക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതിക്കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്.
Comments