ലക്‌നൗ: ഉത്തർപ്രദേശിലെ കുശീനഗറിൽ മിഠായി കഴിച്ചതിന് പിന്നാലെ നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികളാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചവരിൽ രണ്ട് പേർ പെൺകുട്ടികളാണ്.
മരിച്ച കുട്ടകളിൽ ഒരാളുടെ വീടിന് മുമ്പിൽ വാതിൽക്കലാണ് മിഠായി കിടന്നിരുന്നത്. ഒപ്പം പണവും വെച്ചിരുന്നു. ആരാണ് മിഠായിയും പണവും കൊണ്ടുവെച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. മിഠായി കണ്ട കുട്ടികളിലൊരാൾ അവ വേഗമെടുത്ത് കഴിക്കുകയും അടുത്ത വീട്ടിലെ കുട്ടികളുമായി പങ്കിടുകയും ചെയ്തു.
മിഠായി കഴിച്ചതിന് പിന്നാലെ തന്നെ നാല് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങി. നാല് പേരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടികളെല്ലാം ദളിത് കുടുംബത്തിൽ നിന്നുള്ളവരാണ്.
മരണകാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കേസിൽ ദുർമന്ത്രവാദത്തിന് പങ്കുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
















Comments