മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന വീർ സവർക്കറിന്റെ ധീരോജ്വലമായ ജീവിത കഥ അഭ്രപാളികളിലേക്കെത്തുന്നു. മഹേഷ് വി മഞ്ജരേക്കറുടെ സംവിധാനത്തിൽ സ്വതന്ത്ര വീര സവർക്കർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രൺദീപ് ഹൂഡയാണ് നായകനായി എത്തുന്നത്.
കഴിഞ്ഞ വീർ സവർക്കർ ജയന്തിയ്‌ക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നുവെങ്കിലും വീര പുരുഷന്റെ വേഷം ചെയ്യുന്നത് ആരാണെന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ധീരയോദ്ധാവിനെ വെള്ളിവെളിച്ചത്തിൽ അവതരിപ്പിക്കാൻ രൺദീപ് ഹൂഡയ്‌ക്ക് നറുക്ക് വീഴുന്നത്.
നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് വിനായക് ദാമോദർ സവർക്കർ. അത്തരം വീരപുരുഷന്മാരുടെ കഥകൾ പറയേണ്ടത് പ്രധാനമാണെന്ന് രൺദീപ് ഹൂഡ പറഞ്ഞു. സവർക്കറായി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവഗണിക്കപ്പെട്ടവന്റെ കഥ പറയാൻ പറ്റുന്ന സമയാണിത്. നമ്മുടെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരിക്കും ചിത്രമെന്ന് സംവിധായകൻ പറഞ്ഞു. ഏകദേശം ഒരു വർഷത്തോളമായി ഈ സിനിമയ്‌ക്കായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നാണ് വിവരം. ലണ്ടൻ, മഹാരാഷ്‌ട്ര, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
1883 മെയ് മാസം 28നാണ് മഹാരാഷ്‌ട്രയിലെ ഭാഗൂരിൽ വീർസവർക്കർ ജനിച്ചത്. ബ്രിട്ടീഷുകാർ ഇരട്ട ജീവപര്യന്തം ശിക്ഷ നൽകിയ ഏക വിപ്ലവകാരിയാണ് വീർ സവർക്കർ.1966 ഫെബ്രുവരി 26നാണ് സവർക്കർ 83-ാം വയസ്സിൽ അന്തരിച്ചത്.
Comments