ന്യൂഡൽഹി: മുതിർന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് മകൻ തേജസ്വി യാദവ്. ലാലു പ്രസാദ് യാദവ്ജി ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ്. റാഞ്ചിയിൽ ആയിരുന്നപ്പോൾ 4.5 ആയിരുന്നു ലാലു പ്രസാദ് യാദവിന്റെ ക്രിയാറ്റിൻ ലെവൽ. ദില്ലിയിൽ പരിശോധിച്ചപ്പോൾ അത് 5.1 ആയി ഉയർന്നു. വീണ്ടും പരിശോധിച്ചപ്പോൾ 5.9 ആയി. അണുബാധ വർദ്ധിക്കുന്നുവെന്ന് തേജസ്വി വ്യക്തമാക്കി.
നേരത്തേ ലാലു പ്രസാദ് യാദവിനെ ന്യൂഡൽഹിയിലെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലായ ലാലു പ്രസാദ് യാദവിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കാനിരിക്കെയാണ് രോഗം ഗുരുതരമായത്. മാർച്ച് 11 ന് അപേക്ഷ പരിഗണിച്ചെങ്കിലും ഏപ്രിൽ ഒന്നിലേക്ക് മാറ്റുകയായിരുന്നു. ഈ കേസിൽ മാത്രമാണ് ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിക്കാനുളളത്.
കാലിത്തീറ്റ കുംഭകോണത്തിൽ ഡൊറാണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ അപഹരിച്ച കേസിൽ ലാലുപ്രസാദ് യാദവിന് പ്രത്യേക സിബിഐ കോടതി അഞ്ച് വർഷം തടവിനും 60 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു.
ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് കന്നുകാലികൾക്ക് കാലിത്തീറ്റയ്‌ക്കും മറ്റുമായി വിവിധ സർക്കാർ ട്രഷറികളിൽ നിന്ന് 950 കോടി രൂപ അനധികൃതമായി പിൻവലിച്ചതാണ് കാലിത്തീറ്റ കുംഭകോണം എന്നറിയപ്പെടുന്നത്. ജാർഖണ്ഡിലെ ദുംക, ദിയോഘർ, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ടാണ് മറ്റ് നാല് കേസുകളിൽ ലാലു പ്രസാദ് യാദവ് ശിക്ഷ അനുഭവിച്ചത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജാമ്യത്തിൽ പുറത്തിറങ്ങാൻ ലാലു പ്രസാദ് യാദവ് നീക്കം തുടങ്ങിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടുപോയതിനാൽ ജയിൽമോചനം വൈകുകയായിരുന്നു. നേരത്തെ മുതൽ ചികിത്സയുടെ പേരിൽ ലാലു പ്രസാദ് ആശുപത്രി വാസത്തിലാണ്.
















Comments