ന്യൂഡൽഹി : ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി. രാമേശ്വരത്ത് നിന്നും മണ്ഡപത്ത് നിന്നും മീൻപിടിക്കാൻ പോയ 16 മത്സ്യത്തൊഴിലാളികളാണ് പിടിയിലായത്. ശ്രീലങ്കൻ തീരസംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്. ഇവരുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ശ്രീലങ്കയിൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നിരവധി പേർ രാജ്യം വിടാൻ ശ്രമം നടത്തുന്നുണ്ട്. ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കടൽമാർഗം അനധികൃതമായി കടക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. രാമേശ്വരത്തിന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം 16 പേരെ പിടികൂടിയിരുന്നു. തീരസംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്.
ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതുകൊണ്ടാണ് ഇന്ത്യയിലേക്ക് രക്ഷപെടാൻ ശ്രമിച്ചതെന്നുമാണ് പിടിയിലായവർ പറഞ്ഞത്. എട്ടു പേർ കുട്ടികളാണ്. രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണിവർ. നേരത്തെ ഇവർ അഭയാർത്ഥികളായി തമിഴ്നാട്ടിൽ കഴിഞ്ഞിട്ടുളളവരാണന്നും തീരസംരക്ഷണ സേന പറഞ്ഞു.
ഇനിയും കുടിയേറ്റക്കാർ വരാൻ സാദ്ധ്യതയുളളതിനാൽ തിരുവനന്തപുരം, തമിഴ്‌നാട് തീരപ്രദേശങ്ങളിൽ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനാൽ നാവിക സേനയും തീരസംരക്ഷണ സേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
















Comments