ബംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയ സംഭവത്തിൽ ഇടപെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. വിഷയം എത്രയും വേഗം പരിഹരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അബ്ദുൾ അസീം വ്യക്തമാക്കി. വിഷയത്തിൽ ഇന്നലെ സംസ്ഥാന ആഭ്യന്തരമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
ഹിജാബ് വിഷയത്തിൽ ഹർത്താൽ നടത്തിയതിലും ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയതിന്റെ പേരിലുമാണ് കർണാടകയിൽ ക്ഷേത്ര പരിസരങ്ങളിൽ ഉത്സവസമയത്ത് കച്ചവടം നടത്തുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാർക്ക് ക്ഷേത്ര ഭരണസമിതികൾ വിലക്കേർപ്പെടുത്തിയത്.
പെട്ടന്നുളള വികാരത്തിന്റെ പുറത്താണ് ക്ഷേത്ര ഭരണസമിതികളുടെ നടപടിയെന്നും വിവിധ വിശ്വാസങ്ങളിലുളളവർ ഉത്സവസമയങ്ങളിൽ കച്ചവടത്തിനെത്താറുണ്ടെന്നും അബ്ദുൾ അസീം പറഞ്ഞു. ചർച്ചകൾ തുടരുകയാണ്. എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിക്കും.
ഉഡുപ്പിയിലെ കാപ്പു നഗരത്തിലെ മാരിഗുഡി ക്ഷേത്ര ഭരണസമിതി ഉൾപ്പെടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയത്. ഹിജാബ് വിഷയത്തിൽ ഏറ്റവും കൂടുതൽ സംഘർഷവും പ്രതിഷേധവും നടന്ന സ്ഥലങ്ങളിലൊന്നാണ് ഉഡുപ്പി.
വിധിയിൽ പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ഇവിടുത്തെ തീരപ്രദേശങ്ങളിലെ മുസ്ലീം വ്യാപാരികൾ ഒന്നടങ്കം കടകൾ അടച്ചിടുകയും ചെയ്തു. മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ആളുകൾ ഹർത്താലിൽ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. മാത്രമല്ല ഉത്സവത്തിന് ഇവരെ കച്ചവടത്തിന് അനുവദിച്ചാൽ സംഘർഷങ്ങൾ ഉണ്ടാകാനുളള സാദ്ധ്യതയും ക്ഷേത്ര ഭരണസമിതികൾ വിലയിരുത്തി. ഇതിന് പിന്നാലെ ഉഡുപ്പിയിലും മറ്റിടങ്ങളിലുമുളള കൂടുതൽ ക്ഷേത്രങ്ങളും സമാന നടപടിയുമായി രംഗത്തെത്തിയിരുന്നു.
Comments