അബുദാബി: ലോക എക്സ്പോ 2020 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങൾ തേടി സന്ദർശക ഒഴുക്ക് തുടരുകയാണ്. എക്സ്പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ. ശേഷിക്കുന്ന ദിവസങ്ങൾ പുതുമകളും ആഘോഷമേളങ്ങളുമായി അവിസ്മരണീയമാക്കാനാണു സംഘാടകരുടെ ഒരുക്കം.
വരുംദിവസങ്ങളിലെ ആഘോഷ പരിപാടികളിലേറെയും കുട്ടികൾക്കുള്ളതാണ്. റോബോട്ടിക് സാങ്കേതിക വിദ്യകൾ, പാരമ്പര്യേതര ഊർജം, ബഹിരാകാശ പദ്ധതികൾ, കാർഷിക സംരംഭങ്ങൾ, കലാ-സാഹിത്യം എന്നിങ്ങനെ ഓരോ മേഖലയെ കുറിച്ചും അറിയാൻ അവസരമൊരുക്കുന്നു. വിവിധ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയും പങ്കെടുക്കാൻ അവസരമുണ്ട്. തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകൾ സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിക്കും.
ലത്തീഫാസ് അഡ്വഞ്ചേഴ്സ് ഉൾപ്പെടെയുള്ള ഉല്ലാസമേഖലകളിൽ നക്ഷത്രങ്ങളും അന്യഗ്രഹജീവികളും കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികളോടു കൂട്ടുകൂടാൻ കാത്തിരിക്കുന്നു. ശനിയാഴ്ച വരെ 18 വയസ്സിൽ താഴെയുള്ള 28 ലക്ഷം പേരാണ് എക്സ്പോ നഗരിയിൽ എത്തിയത്.
കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതോടെ രാജ്യാന്തര സന്ദർശകരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. എക്സ്പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ വിനോദ-വിജ്ഞാന മേളയിൽ പങ്കെടുക്കാനായതിന്റെ നിർവൃതിയിലാണ് പലരും. ഇന്ത്യൻ വിസ്മയം എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും വരുന്ന എക്സ്പോ ദിനങ്ങൾക്ക് മിഴിവേകും. വരും ദിവസങ്ങളിൽ ആഘോഷം കൊഴുപ്പിക്കാൻ മറ്റ് രാജ്യാന്തര സംഗീത പ്രതിഭകളും കലാകാരൻ മാരും ദുബായിൽ എത്തും.
Comments