കോട്ടയം : കോട്ടയം നട്ടാശ്ശേയിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാവിലെ വൻ സന്നാഹവുമായാണ് കല്ലിടാൻ പോലീസ് എത്തിയത്. എന്നാൽ നാട്ടുകാർ പോലീസിനെ പ്രദേശത്തേക്ക് കടത്തിയില്ല. കെ റെയിൽ കല്ല് കൊണ്ടുവന്ന വാഹനത്തെ ഉൾപ്പെടെ തടഞ്ഞ് വെച്ചിരിക്കുകയാണ്.
നട്ടാശേരിയിൽ 100 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധ ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ട്രേറ്റ് സമരത്തിൽ 75 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.
കോട്ടയം കുഴിയാലിപ്പടിയിലും സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രി പറയുന്നത് ഒന്നും നടക്കില്ലെന്നും അദ്ദേഹം വിചാരിച്ച വഴി തെറ്റിപ്പോയെന്നും നാട്ടുകാർ പറയുന്നു. ഈ കല്ലുകൾ കൊണ്ടുപോയി മുഖ്യമന്ത്രിയുടെ കസേര തെറിക്കുമ്പോൾ അവിടെ നിന്നും ഇറങ്ങാൻ ഉപയോഗിക്കാമെന്നാണ് രോഷാകുലരായ നാട്ടുകാർ പറയുന്നത്.
എറണാകുളം ചോറ്റാനിക്കരയിലും കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാണ്. ജനങ്ങൾ പന്തല് കെട്ടിയാണ് ഇവിടെ പ്രതിഷേധം നടക്കുന്നത്. അഞ്ചാം ദിവസമാണ് ഇവിടെ സമരം തുടരുന്നത്.
സ്ഥാപിക്കുന്ന കെ റെയിൽ കല്ലുകൾ തോട്ടിലും കായലിലും എറിഞ്ഞും പോലീസിനെ പ്രദേശത്ത് കടക്കാൻ അനുവദിക്കാതെ കോട്ട തീർത്തുമാണ്ജനങ്ങൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ രാവിലെ വന്ന് ഉദ്യോഗസ്ഥർ കുറ്റി അടിക്കുകയാണെന്നാണ് ആരോപണം. ഇതിനിടയിലും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സർക്കാർ.
















Comments