തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ റെയിലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൊണ്ടിട്ടു. രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കെ റെയിൽ സർവ്വെയ്‌ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കുറ്റികൾ പിഴുതത്.
രാവിലെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴയിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപിയുടെ പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു. എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കല്ലുകൾ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി.വി രാജേഷ് പറഞ്ഞു. ലാവ് ലിൻ കേസിൽ കമ്മീഷൻ വാങ്ങിയ പിണറായി വിജയന്റെ അവസാനത്തെ കളിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
മുരിക്കുംപുഴയിൽ നിന്ന് കല്ലുകൾ പിഴുത് മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റാലിയായിട്ടാണ് നഗരത്തിലേക്ക് എത്തിയത്. തുടർന്ന് നടന്ന പ്രതിഷേധമാർച്ചിൽ
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
ഇന്നലെ ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ ഉൾപ്പെടെ കെ റെയിലിനെതിരെ ബിജെപി യുവമോർച്ച പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Comments