തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ മറവിൽ സിപിഎമ്മും ഊരാളുങ്കൽ സൊസൈറ്റിയും കോടികളുടെ അഴിമിതി നടത്തുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. ഇതിനായി കരാർ വ്യവസ്ഥകൾ സർക്കാർ അട്ടിമറിച്ചു. ജൂൺ അവസാനത്തോടെ കെ ഫോൺ യാഥാർത്ഥ്യമാകുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വെറും പൊള്ളയാണ്.
ഒപ്റ്റിക്കൽ ഫൈബർ കേബിളിടാൻ സംസ്ഥാന സർക്കാർ കരാർ നൽകിയത് കിലോ മീറ്ററിന് 48,000 രൂപ വരെയുള്ള നിരക്കിലാണ്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കേബിൾ ഇടുന്നത് വെറും 8,000 മുതൽ 10,000 രുപയ്‌ക്കാണ്. ഉപകരാർ സംഘടിപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ കമ്പനികളുടെ പോക്കറ്റിലേക്കാണ് ബാക്കി തുക പോകുന്നത്. ഇത് സിപിഎം അറിവോടെയാണ്.
കരാർ എടുക്കുന്ന കമ്പനി ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടത് ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടിയാണ്. ഒരു കിലോമീറ്റർ കേബിളിടാൻ ഖജനാവിൽ നിന്ന് 48,000രൂപ വരെ ചെലവാകുന്നുണ്ടെങ്കിലും വെറും 8000 രൂപയുടെ പണി മാത്രമേ യഥാർത്ഥത്തിൽ നടക്കുന്നുള്ളൂ. ബാക്കിപ്പണം സിപിഎമ്മിനുള്ള നോക്കുകൂലിയാണ്. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം.
സംസ്ഥാനം മുഴുവൻ ഒ.എഫ്.സി കേബിളിടാൻ യാതൊരു മുൻപരിചയവുമില്ലാത്ത കോതമംഗലം സ്വദേശിക്ക് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ട്. ബെല്ലിനെ മുന്നിൽ നിർത്തി ഇത്തരത്തിൽ വൻ അഴിമതി നടത്തുന്നത് ആരാണെന്ന് കണ്ടെത്താൻ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. ഓരോ ജില്ലയിലേയും പണി തീർന്നതിന് ശേഷം മാത്രമേ കരാറുകാരന് ബിൽ മാറി നൽകാവൂ എന്നാണ് കരാർ വ്യവസ്ഥ. ഇതും അട്ടിമറിക്കപ്പെട്ടു.
കെ.എസ്.ഐടി.ഐ.എല്ലിന്റെ തലപ്പത്തേക്ക് സ്വമേധയാ വിരമിച്ച തമിഴിനാട് കേഡർ ഐ.എ.എസുകാരനെ അവരോധിച്ചതിന് ശേഷമാണ് ഇത് നടന്നത്. ഇക്കാര്യത്തിലും അഴിമതിയുണ്ട്. കമലഹാസന്റെ രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചയാളെ കേരളത്തിലെത്തിച്ചത് ഇവിടെ ഐ.എ.എസുകാർ ഇല്ലാത്തതു കൊണ്ടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഭൂരിഭാഗം പണിയും പൂർത്തിയായി എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം യാഥാർഥ്യവുമായി ചേർന്നതല്ല. ഇപ്പോഴത്തെ വേഗത്തിലാണ് പണി പൂർത്തിയാകുന്നതെങ്കിൽ മൂന്നു വർഷം കഴിഞ്ഞാലും കെ ഫോൺ യാഥാർത്ഥ്യമാകില്ല. കെ ഫോൺ ഇങ്ങെത്തി എന്നല്ല എങ്ങുമെത്തില്ല എന്നാണ് ഇപ്പോൾ തോന്നുന്നതന്നെും ആദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Comments