ന്യൂഡൽഹി: കെ റെയിൽ പദ്ധതി സംബന്ധിച്ച് നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയം ആണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഈ പദ്ധതിയിൽ ഒട്ടും തിടുക്കം കാട്ടരുത്, വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയ്‌ക്ക് 65,000 കോടി രൂപയാണ് ചെലവ് വരികയെന്ന സംസ്ഥാന സർക്കാറിന്റെ വാദത്തെയും കേന്ദ്രമന്ത്രി തള്ളി.റെയിൽവേയുടെ കണക്ക് പ്രകാരം പദ്ധതിച്ചെലവ് ഒരു ലക്ഷം കോടി രൂപ കടക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.രാജ്യസഭയിലാണ് അദ്ദേഹം കെ റെയിൽ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്.
ഒറ്റ ലൈനിൽ ട്രെയിൻ ഓടുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കേതികവും സാമ്പത്തികവുമായ പ്രശനങ്ങൾ പദ്ധതിയിലുണ്ട്. കേരളത്തിന്റെ നന്മയെ മുന്നിൽ കണ്ട് കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയ്‌ക്കെതിരെ ജനരേഷം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടിരുന്നതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നു. പൊതുവെ നല്ല ചർച്ചയാണ് പ്രധാനമന്ത്രിയുമായി നടന്നത്. അതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
















Comments