കോഴിക്കോട് :വീടിന്റെ സമീപമുള്ള ഓവുചാലിൽ ഒരു വർഷമായി വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പോലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സി എച്ച് മേൽപ്പാലത്തിനു സമീപത്തെ പുത്തൻവീട് പറമ്പിൽ ആശാലതയുടെ വീടിന് സമീപമുള്ള ഓവുചാലിലാണ് മാലിന്യം തള്ളുന്നത്.
നഗരസഭാ സെക്രട്ടറിയും കോഴിക്കോട് ടuൺ പോലീസ് അസിസ്റ്റന്റ് കമ്മീഷണറും അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
മൂന്ന് നിത്യരോഗികളടക്കം അഞ്ചു പേർ താമസിക്കുന്ന വീട്ടിൽ കൂടുതലും സ്ത്രീകളാണുള്ളത്. കക്കൂസ് മാലിന്യത്തിന്റെ ദുർന്ധം കാരണം ഇവർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയാറില്ല. പാതിരാത്രിയിലും പുലർച്ചയുമാണ് മാലിന്യവുമായി വണ്ടിയെത്തുന്നത്.
വാഹനത്തിന്റെ ശബ്ദം കേട്ട് പോലീസിനെ അറിയിച്ചാലും ഫലപ്രദമായ നടപടികളുണ്ടാകാറില്ല. വണ്ടിയുടെ നമ്പർ പോലീസിനും നഗരസഭക്കും നൽകിയിട്ടും നടപടിയില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
















Comments