ന്യൂഡൽഹി: ജമാ മസ്ജിദിനോട് ചേർന്നുള്ള മാർക്കറ്റിൽ ഡൽഹി പോലീസിന്റെ മിന്നൽ റെയ്ഡ്. പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്‌ക്ക് എത്തിച്ച നിരവധി പക്ഷികളെ കണ്ടെത്തി. മസ്ജിദിന് സമീപമുള്ള കബൂത്തർ മാർക്കറ്റിലായിരുന്നു പോലീസ് റെയ്ഡ്. പീപ്പിൾ ഫേർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് എന്ന സംഘടനയുമായി ചേർന്നായിരുന്നു പരിശോധന.
രക്ഷപെടുത്തിയ പക്ഷികളിൽ ഭൂരിഭാഗവും നാടൻ തത്തകളാണ്. നിയമവിരുദ്ധമായി വേട്ടടായി ഇവയെ കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തത്തയ്‌ക്ക് പുറമെ നിരവധി പ്രാവുകളും മൈനകളും രക്ഷപെടുത്തിയവയിൽപ്പെടുന്നു. പക്ഷികളുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ആയിരക്കണക്കിന് പക്ഷികളെയാണ് മോചിപ്പിച്ചത്.
വായു സഞ്ചാരം ഇല്ലാത്ത ഇടുങ്ങിയ കൂട്ടിലാണ് പക്ഷികളെ പാർപ്പിച്ചിരുന്നത്. ചെറിയ കാർഡ് ബോർഡ് പെട്ടികളിൽ ഒന്നിന് മുകളിൽ ഒന്നായാണ് ഇവയെ വെച്ചിരുന്നത്. പക്ഷികളുടെ ആരോഗ്യം വളരെ മോശമായിരുന്നുവെന്നും കൂട്ടിനുള്ളിൽ നിന്നും നിരവധി ചത്ത തത്തകളെ കണ്ടെത്തിയതായും പോലീസ് പറയുന്നു. സംഭവത്തിൽ അധികൃതർക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പിടിച്ചെടുത്ത പക്ഷികളെ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വന്ന പക്ഷികളാണ് പിടിച്ചെടുത്തവയിൽ ഏറെയും. ജമാ മസ്ജിദിന് സമീപം വളരെ കാലമായി ഈ പക്ഷിമാർക്കറ്റ് പ്രവർത്തിച്ചുവരുന്നതായി ആളുകൾ പറയുന്നു. നിരവധി തവണ പോലീസ് പരിശോധന നടത്തിയിരുന്നു.
Comments