ലക്‌നൗ:ഉത്തർപ്രദേശ് നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉടനെ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ഇന്ന് നടന്ന പാർട്ടി യോഗത്തിലാണ് എംഎൽഎമാർ അദ്ദേഹത്തെ പ്രതിപക്ഷനേതൃസ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുത്തത്.
സമാജ വാദി പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ തങ്ങളുടെ നിയമസഭാ ക്ഷി നേതാവായി ഏകകണ്‌ഠേനെ തിരഞ്ഞെടുത്തുവെന്ന് എസ്പി സംസ്ഥാന അദ്ധ്യക്ഷൻ നരേഷ് ഉത്തം പട്ടേൽ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അഖിലേഷും അസംഖാനും കഴിഞ്ഞ തിങ്കളാഴ്ച ലോക്‌സഭാംഗത്വം രാജി വെച്ചിരുന്നു.ലോക്‌സഭാ സ്പീക്കറായ ഓം ബിർളയ്‌ക്കാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
അഖിലേഷും അസംഖാനും നിയമസഭാ സീറ്റുകൾ ഉപേക്ഷിച്ച് ലോക്‌സഭാംഗത്വം നിലനിർത്തുമെന്ന് നേരത്തെ ഉഹാപോഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മാർച്ച് 18 ന് എസ്പി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ നിയമസഭാഗംത്വം നിലനിർത്തുവാൻ തീരുമാനിക്കുകയായിരുന്നു.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 403 ൽ 111 സീറ്റ് മാത്രമാണ് അഖിലേഷിന്റെ എസ്പിയ്‌ക്ക് നേടാനായത്.കർഹാൽ നിയമസഭാ മമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഖിലേഷും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനായിരിക്കും ഇനി ഉത്തർപ്രദേശ് നിയമസഭ സാക്ഷിയാവുക.
















Comments