പൂച്ചപ്രേമികളെ ഹരംകൊള്ളിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു വീഡിയോ.. പൂച്ചയും പൂച്ചകുഞ്ഞും ഒരു നവജാത ശിശുവുമാണ് വീഡിയോയിലെ താരങ്ങൾ.
ഏതാനും മാസങ്ങൾ മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ നിലത്ത് ബെഡിൽ കിടത്തിയിരിക്കുകയാണ്. കിടന്ന് കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ അരികിലേക്ക് അമ്മ പൂച്ച നടന്നുവന്നു. പൂച്ചകുഞ്ഞിനെ വായിൽ കടിച്ചുപിടിച്ചാണ് അമ്മപൂച്ചയുടെ വരവ്. ഒടുവിൽ നിലത്ത് കിടന്ന് കളിക്കുകയായിരുന്ന നവജാത ശിശുവിന്റെ പക്കൽ പൂച്ചകുഞ്ഞിനെ കിടത്തി.
തന്റെ കുഞ്ഞിനെ പരിചയപ്പെടുത്താനെന്നോണമാണ് അമ്മ പൂച്ചയുടെ പ്രവൃത്തി. വീട്ടിലെ പുതിയ രണ്ട് അതിഥികളെ പരസ്പരം പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് അമ്മപൂച്ച. ഇത്രയും പക്വതയോടെ പെരുമാറാൻ ഒരു പൂച്ചയ്‌ക്ക് കഴിയുമോയെന്ന് ആരും ചിന്തിച്ച് പോകുന്നതാണ് ദൃശ്യങ്ങൾ.
എന്നാൽ പൂച്ചകുഞ്ഞുണ്ടോ പരിചയപ്പെടാൻ നിൽക്കുന്നു. നിലത്ത് കുട്ടിയുടെ അടുത്ത് കിടത്തിയതും കുഞ്ഞിപൂച്ച ഓടിപോയി. ഓടല്ലേ.. നിൽക്ക്.. കുട്ടിയെ കണ്ടിട്ട് പോകൂ.. എന്ന് പറയുന്ന വിധമായിരുന്നു അപ്പോൾ അമ്മ പൂച്ചയുടെ നോട്ടം..
24 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. മനുഷ്യരും മൃഗങ്ങളുടെ തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ഇതിലും മനോഹരമായി ദൃശ്യവത്കരിക്കാനാകില്ലെന്നാണ് വീഡിയോ വൈറലാക്കിയവരുടെ പ്രതികരണം. നേരത്തിന് ആഹാരവും ആവശ്യത്തിന് തലോടലും മാത്രം വേണ്ടുന്നവരാണ് വളർത്തുപൂച്ചകളെന്ന് അഭിപ്രായപ്പെടുന്നവർക്ക് ഈ വീഡിയോ ഒരു ഓർമ്മപ്പെടുത്തലാണ്.
















Comments