കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യാത്രയയപ്പ് ദിവസം സ്‌കൂൾമൈതാനത്ത് റേസിങ് അഭ്യാസപ്രകടനങ്ങളുമായി വിദ്യാർത്ഥികൾ. മുന്നറിയിപ്പുകളെ അവഗണിച്ചാണ് വിദ്യാർത്ഥികൾ കാർ, ബൈക്ക് റേസിങ് നടത്തിയത്. 24ാം തിയതിയായിരുന്നു സംഭവം. അപകടകരമായ രീതിയിൽ റേസിങ് നടത്തിയതിന് കാർ ഓടിച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തു. സിസി ടിവി പരിശോധിച്ച് കൂടുതൽ വിദ്യാർത്ഥികളുടെ പേരിൽ നടപടി ഉണ്ടാകുമെന്നാണ് വിവരം.
വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലായിട്ടുണ്ട്. സ്‌കൂൾ അധികൃതരുടെ വിലക്ക് അവഗണിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം. ഇതുസംബന്ധിച്ച് സ്‌കൂൾ അധികൃതർ കമ്പളക്കാട് പൊലീസിൽ നേരത്തെ വിവരം നൽകിയിരുന്നു. പൊലീസ് സ്‌കൂളിനു പുറത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു വിദ്യാർത്ഥികൾ വാഹനങ്ങളുമായി ഗ്രൗണ്ടിലെത്തിയത്.
മൂന്നു കാറിലും ഒരു ബൈക്കിലുമായെത്തിയ വിദ്യാർത്ഥികൾ സ്‌കൂൾഗേറ്റ് തുറന്ന് വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് കയറ്റി. പിന്നാലെ റേസിങ് അഭ്യാസങ്ങൾ നടത്തുകയായിരുന്നു. കാറിന്റെ ഡോറിലിരുന്നും കൈകൾ വിട്ടും ആഹ്ലാദ പ്രകടനം നടത്തുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സ്‌കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിവേഗത്തിലും അശ്രദ്ധമായും മനുഷ്യജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.
















Comments