യുഎഇ:തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻന്റെ യുഎഇ സന്ദർശനം തുടരുന്നു. തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ലക്ഷ്യമിട്ടാണ് സ്റ്റാലിന്റെ സന്ദർശനം. ദുബായ് ലോക എക്‌സ്‌പോയിൽ തമിഴ്‌നാടിന്റെ പ്രദർശനങ്ങൾ ഉൾപ്പെടുന്ന തമിഴ്‌നാട് വാരം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ടെക്‌സ്‌റ്റൈൽ, കൃഷി, വ്യവസായം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനമാണ് തമിഴ്‌നാട് ദുബായ് ലോക എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയനിൽ നടത്തുന്നത്. ഇതിനായി തമിഴ്‌നാട് സർക്കാർ അഞ്ച് കോടിരൂപ വകയിരുത്തിയിരുന്നു.ആഗോള നിക്ഷേപകരെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യം. മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിന്റെ ആദ്യ വിദേശയാത്രയാണ് യു.എ.ഇയിലേക്ക്.
യു.എ.ഇയിലെ വിവിധ മന്ത്രിമാരുമായും വ്യവസായികളുമായും സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി. സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയോദി, തമിഴ്‌നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, കോൺസുൽ ജനറൽ അമൻപുരി, അബൂദബി ചേംബർ ഓഫ് കോമേഴ്‌സ് വൈസ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ദുബായിലെ മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച്ച. തമിഴ്‌നാടിനെ എല്ലാ മേഖലയിലും ഒന്നാമതാക്കാനുള്ള ശ്രമങ്ങൾക്ക് സന്ദർശനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ്പ് പ്രതിനിധികളുടെ സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്.
Comments