കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 11.55-ഓടെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഒടുവിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഇന്ത്യാവിഷനടക്കം പ്രമുഖ ചാനലുകളിലും പത്രസ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. പാലക്കാട് പുതുശേരി സ്വദേശിയായ അദ്ദേഹം ചലച്ചിത്ര നിരൂപകനും അദ്ധ്യാപകനുമായും പ്രവർത്തിച്ചിട്ടുണ്ട്.
മാത്തൂർ താഴത്തെ കളത്തിൽ കെ.സി നായരുടെയും പൊൽപ്പുള്ളി ആത്തൂർ പത്മാവതി അമ്മയുടെയും മകനായി 1951 ഒക്ടോബർ 15-നായിരുന്നു ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബി.എയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം.എയും പാസായ അദ്ദേഹത്തിന്റെ ആദ്യ കഥ പഠന കാലത്ത് തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ പക്ഷിയുടെ ശവം എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹത്തിന്റെ ബിരുദകാലത്ത് പുറത്തിറങ്ങി. 1996ലെ പാമ്പൻ മാധവൻ പുരസ്‌കാരം അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും ടെലിവിഷൻ ചേംബറിന്റെ പുരസ്‌കരാവും 2010-ലും സ്വന്തമാക്കി.
തിരുവണ്ണൂര്‍ ചെങ്കളത്ത് പുഷ്പയാണ് ഭാര്യ. മകള്‍ ചാരുലേഖ.
















Comments