എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആർ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പത്ത് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായ അല്ലുരി സിതാരാമ മാരു, കൊമരം ഭീം എന്നിവരുടെകഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ ഒന്നിക്കാത്തവർ സിനിമയിൽ ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സമര നേതാക്കളായിരുന്നു ഇരുവരും. ചിത്രത്തിൽ അല്ലൂരി സാതാരാമ രാജു ആയി രാം ചരണാണ് എത്തുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര വിപ്ലവകാരിയായിരുന്നു അല്ലുരി സീതാരാമ രാജു. അല്ലുരി സിതാരാമ രാജുവിന്റെ ആദ്യകാല ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ പലയിടത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ഭീമാവാരം താലൂക്കിലാണ് ജനനമെന്നാണ് ഒരുഭാഗം ആളുകൾ പറയുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗല്ലു എന്ന ഗ്രാമത്തിലാണ് ജനിച്ചതെന്ന് ഒരു വിഭാഗവും പറയുന്നു. 18-ാമത്തെ വയസ്സിൽ സന്യാസം സ്വീകരിച്ച സീതാ രാമരാജു ജ്യോതിഷത്തിലും യോഗയിലും ഔഷദസംബന്ധമായ വിഷയങ്ങളിലും പ്രാവിണ്യം തെളിയിച്ചു.
12 വയസ്സുള്ളപ്പോൾ രാജുവിന് അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് വെസ്റ്റ് ഗോദാവരിയിലുള്ള അദ്ദേഹത്തിന്റെ അമ്മാവനൊപ്പമാണ് വളർന്നത്. ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ സിതാരാമരാജുവിനെ ദൈവീക പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. ആദിവാസികളുമായി അദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നു. പിന്നാലെ അവരുടെ ജീവിത ശൈലികൾ അറിയാനായി മലഞ്ചരിവുകളിലൂടെയും കാടുകളിലൂടെയും സഞ്ചരിക്കാനും തുടങ്ങി. ആങ്ങനെ ഗോത്രവർഗ്ഗക്കാരുടെ ദയനീയാവസ്ഥയ്‌ക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. ഒടുവിൽ പഠനം ഉപേക്ഷിച്ച് ഗോത്രവർഗ്ഗക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.
കിഴക്കൻ ഗോദാവരിയിലും വിസാഖിലുമുള്ള ഗോത്രജനങ്ങൾക്ക് വേണ്ടിയാണ് രാമരാജു ആദ്യം പ്രവർത്തനങ്ങൾ തുടങ്ങിയത്. 1882ൽ മദ്രാസ് വന നിയമം പാസാക്കിയതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന ഗോത്ര വർഗ്ഗക്കാർ ഏറെ കഷ്ടപ്പെട്ടു. ഈ നിയമമാണ് സീതാരാമരാജുവിലെ വിപ്ലവകാരിയെ ഉണർത്തിയത്. കാട് തീയിട്ടോ, വെട്ടിത്തെളിയിച്ചോ സ്ഥലമൊരുക്കി കൃഷിചെയ്യുന്ന സമ്പ്രദായത്തിന് മദ്രാസ് വന നിയമം നിയന്ത്രണം ഏർപ്പെടുത്തി. വനമേഖലകളിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനും ഗോത്രവർഗ്ഗക്കാരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വനവാസികൾക്കെതിരായ നിയമത്തെ അദ്ദേഹം ചോദ്യം ചെയ്തു. വനവാസി സമൂഹം ചെയ്തു പേന്നിരുന്ന പോഡു കൃഷിയെ വിലക്കുന്നതായിരുന്നു ഈ നിയമം. കാട്ടിൽ കൃഷി ചെയ്യാൻ സാധിക്കാതെ വന്നതോടെ ഗോത്രവർഗ്ഗക്കാരുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലായി. ഈ സമയത്ത് ബ്രിട്ടീഷ് രാജിനെതിരെ ആദിവാസി നേതാക്കളും മറ്റ് അനുഭാവികളും സംഘടിച്ച് അല്ലുരി സീതാരാമ രാജുവിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
1922-24 നടന്ന ഈ പ്രതിഷേധത്തെ റാംപ കലാപം എന്നാണ് അറിയപ്പെടുന്നത്. കലാപത്തിന് രാമരാജു നേതൃത്വം വഹിച്ചു. തദ്ദേശവാസികൾക്കിടയിൽ അദ്ദേഹം ‘മാന്യം വീരുഡു’ അഥവാ കാടുകളുടെ നായകൻ’ എന്ന് അറിയപ്പെട്ടു. ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി രാമ രാജു നിരന്തരം സമരം ചെയ്തു. അങ്ങനെ അദ്ദേഹം ഗോത്രവർഗ്ഗക്കാരുടെ ദൈവമായി മാറി. രാമരാജുവിന്റെ പ്രവർത്തന ഫലമായി ചിന്താപ്പള്ളി, രാംചകോടവാരം, ദമ്മനപള്ളി, കൃഷ്ണ ദേവി പെട്ട, തുടങ്ങിയ പോലീസ് സ്‌റ്റേഷനുകൾ രാമരാജു കൈയ്യേറി. ബ്രിട്ടീഷ് പടയാളികളെ കൊന്ന് തോക്കുകൾ മോഷ്ടിച്ചു.
നിരവധി ബ്രിട്ടീഷ് സേന ഓഫീസർമാരാണ് അന്ന് കൊല്ലപ്പെട്ടത്. ബ്രീട്ടീഷുകാർക്കെതിരെ സധൈര്യം പോരാടിയ അല്ലുരു സിതാ രാമരാജുവിനെ ചെങ്കോട്ട ഗ്രാമത്തിലെ ചിന്താപള്ളി വനങ്ങളിൽ വെച്ച് പോലീസ് പിടികൂടി. 1924 മെയ് ഏഴാം തീയതി പോലീസ് അദ്ദേഹത്തെ കൊയ്യൂറു ഗ്രാമത്തിൽ ഒരു മരത്തിൽ കെട്ടിയിട്ട് വെടി വെച്ച് കൊല്ലപ്പെടുത്തുകയും ചെയ്തു. കൃഷ്ണദേവിപേട്ട ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. മരിക്കുമ്പോൾ 27 വയസ്സ് മാത്രമായിരുന്നു രാമരാജുവിന്റെ പ്രായം.
Comments