തിരുവനന്തപുരം :ദേശീയ പണിമുടക്കിനെ തുടർന്ന് നാല് ദിവസം അവധി ലഭിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വൻ ഒഴുക്ക്. ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ ഞായറാഴ്ച അടക്കം നാല് ദിവസമാണ് അവധി ലഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾ, വ്യവസായികൾ, സർക്കാർ ജീവനക്കാർ, തുടങ്ങി എല്ലാ മേഖലയിലുമുള്ളവർ അന്യസംസ്ഥാനങ്ങളിലേക്ക് ട്രിപ്പ് ആരംഭിച്ചിരിക്കുകയാണ്.
തിങ്കളും, ചൊവ്വയും പണിമുടക്കാണ്. ഞായറാഴ്ച പൊതു അവധിയും. കേരളത്തിൽ എല്ലാം അടച്ചിടലിലേക്ക് പോകുമെന്ന് വ്യക്തമായതോടെ ഭൂരിപക്ഷം പേരും ശനിയാഴ്ച രാത്രി തന്നെ സംസ്ഥാനം വിട്ടു. ട്രെയിനുകളിൽ മലയാളികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും അവസാന നിമിഷം ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി. ദേശീയ പണിമുടക്കുകൾ കേരളത്തിന് പുറത്ത് ബാധിക്കാറില്ല. ഈ ദിവസങ്ങളിൽ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.
അതിനിടെ കശ്മീർ, കുളു-മണാലി, ഡൽഹി-ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് വൻ ഓഫറുകളും ടൂർ കമ്പനികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ ടൂറിന് ബുക്ക് ചെയ്തിട്ടുണ്ട്. ഇതിലൂടെ കൊറോണ കാലത്ത് ഏറ്റ ആഘാതത്തിൽ നിന്നും ടൂർ കമ്പനികൾക്ക് അൽപമെങ്കിലും മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഗോവയിലെയും കർണാടകയിലെയും മറ്റും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മലയാളികളുടെ തിരക്ക് കാരണം ബുക്കിംഗ് അവസാനിക്കാറായി. മൂകാംബിക, ഉടുപ്പി, പഴനി മധുര എന്നീ തീർത്ഥാടന സ്ഥലങ്ങളിലുള്ള ഹോട്ടലുകളിലും ബുക്കിംഗ് അവസാനിച്ചു. മലപ്പുറത്തെ നാടുകാണി ചുരം, കോഴിക്കോട് താമരശ്ശേരി ചുരം എന്നിവിടങ്ങിൽ വൈകീട്ടോടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ഇവിടെ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. എന്തായാലും ദേശീയ പണിമുടക്ക് കാരണം അന്യസംസ്ഥാനങ്ങളാണ് ഇപ്പോൾ ലാഭം കൊയ്യുന്നത്.
എന്നാൽ പണിമുടക്ക് കാരണം കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടിയാണ് നേരിടുന്നത്. കൊറോണ ദുരിതത്തിൽ നിന്ന് കരകയറാനാകാത്ത ടൂറിസം മേഖലയ്‌ക്ക് കനത്ത പ്രഹരമാണ് രണ്ട് ദിവസത്തെ പണിമുടക്ക് ഏൽപ്പിച്ചത്. കേരളത്തിൽ നിന്നുളള സഞ്ചാരികൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന അവസരത്തിലാണ് കേരള ടൂറിസത്തിന്റെ ഈ ദുരവസ്ഥ.
Comments