വയനാട് : ചികിത്സാപ്പിഴവിനെത്തുടർന്ന് ഒന്നര വയസുള്ള വനവാസി ബാലന്റെ കൈയ്ക്ക് വൈകല്യം സംഭവിച്ചുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. സുഗന്ധഗിരി സ്വദേശിയായ സന്തോഷാണ് പരാതിയുമായി രംഗത്തെത്തിയത്. കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രസവ സമയത്തുണ്ടായ ചികിത്സാപ്പിഴവാണ് വൈകല്യത്തിനു കാരണമായതെന്നാണ് പരാതി. യാതൊരു ആനുകൂല്യവും ചികിത്സാ സഹായവും ലഭിച്ചില്ലെന്നും സന്തോഷ് പറഞ്ഞു.
പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുത്തപ്പോഴുണ്ടായ പിഴവിലാണ് കൈയ്‌ക്ക് വൈകല്യം സംഭവിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിക്കാൻ നിർദ്ദേശിക്കുയായിരുന്നു. ഒന്നരവർഷത്തിനു ശേഷവും കുട്ടിയക്ക് ഫിസിയോ തെറാപ്പി നൽകിക്കൊണ്ടിരിക്കുകയാണ്. ചികിത്സാ സഹായം നൽകാമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഉറപ്പു നൽകിയിരുന്നു. എന്നാൽ യാതൊരു വിധ ചികിത്സാ സഹായവും ആനുകൂല്യങ്ങളും ലഭ്യമായിട്ടില്ലെന്ന് പിതാവ് പറയുന്നു.
കുട്ടിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ മുൻപും മാദ്ധ്യമങ്ങളിൽ വന്നിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കും പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അധികൃതർ ഉടൻ ഇടപെടണമെന്നും രാക്ഷിതാക്കൾ പറയുന്നു.
Comments