ബീജിങ്: കൊറോണ കേസുകളിൽ വൻ വർധന ഉണ്ടായതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ട് കോടി അറുപത് ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്കാണ് നഗരത്തിൽ നിലവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങൾ വീടുകൾക്കുള്ളിൽ തുടരണമെന്നും, പുറത്ത് ഇറങ്ങരുതെന്നുമുള്ള കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ഓഫീസുകൾ, കടകമ്പോളങ്ങൾ എന്നിവ അടച്ചിടും. പൊതുഗതാഗതസംവിധാനങ്ങൾ നിർത്തലാക്കും. കൊറോണ കേസുകൾ ഉയർന്നു തുടങ്ങിയപ്പോൾ തന്നെ ഷാങ്ഹായിലെ ഏറെ പ്രശസ്തമായ ഡിസ്‌നി തീം പാർക്ക് നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. പ്രദേശത്തെ ജനങ്ങൾക്ക് കർശന കൊറോണ പരിശോധനയും നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ചിൽ മാത്രം ഇതുവരെ 56,000ത്തിലധികം കൊറോണ കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നത്.
അതേസമയം, ചൈനയിലെ വാക്‌സിനേഷൻ നിരക്ക് 87 ശതമാനമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പ്രായമായവരിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവാണ്. ഈ മാസം ആദ്യം പുറത്ത് വന്ന ദേശീയ കണക്കുകൾ പ്രകാരം 60 വയസ്സിന് മുകളിൽ പ്രായമുള്ള അഞ്ച് കോടിയിലധികം ആളുകൾ ഇനിയും ഏതെങ്കിലും കാരണങ്ങളാൽ വാക്‌സിൻ എടുക്കാനുണ്ടെന്നാണ് പറയുന്നത്. ബൂസ്റ്റർ ഡോസ് വിതരണവും രാജ്യത്ത് കാര്യക്ഷമമല്ലെന്നാണ് റിപ്പോർട്ട്.
Comments