കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേബയുടെ ഇന്ത്യാ സന്ദർശനം ഏറെ നിർണ്ണായകമായ മാറ്റത്തിനെന്ന് നേപ്പാൾ ഭരണകൂടം. ഇന്ത്യയുമായി എല്ലാമേഖലകളിലും സമഗ്രപങ്കാളിത്തവും സഹായവുമാണ് നേപ്പാൾ പ്രതീക്ഷിക്കുന്നത്. ചൈന സഹായങ്ങളുടെ പേരിൽ നേപ്പാളിന്റെ പ്രതിരോധ വാണിജ്യമേഖലകളിൽ കൈകടത്തിയത് മൂലമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കലാണ് സന്ദർശനത്തിന്റെ മുഖ്യ ഉദ്ദേശ്യം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ത്യയുമായി പൗരാണിക ബന്ധം പുലർത്തുന്ന സാംസ്‌കാരിക രാജ്യമെന്ന പ്രത്യേകതയ്‌ക്കപ്പുറം ചൈനയുമായി നേരിട്ട് അതിർത്തിപങ്കിടുന്ന രാജ്യമെന്ന തന്ത്രപ്രധാന സ്ഥാനവുമാണ് നേപ്പാളിനെ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനപ്പെട്ട താക്കുന്നത്. ഷേർ ബഹദൂർ ദേബയുടെ വാരാണസി സന്ദർശനം പോലും ഏറെ പ്രധാനചർച്ചയായിക്കഴിഞ്ഞു.
നേപ്പാളിൽ കഴിഞ്ഞ രണ്ടുവർഷമായി നടന്ന രാഷ്‌ട്രീയ മാറ്റങ്ങളും ഇന്ത്യയുമായി അതിർത്തിയിലുണ്ടായ തർക്കങ്ങൾക്കും പിന്നിൽ ചൈനയാണെന്ന് കണ്ടെത്തിയിരുന്നു. അനവസരത്തിലുള്ള പ്രസ്താവനകൾ, അതിർത്തി മാറ്റിവരച്ച് ഭൂപടം പ്രസിദ്ധീകരിക്കൽ, അയോദ്ധ്യയില്ല നേപ്പാളിലാണ് ശ്രീരാമചന്ദ്ര ഭഗവാൻ ജനിച്ചത് തുടങ്ങിയ പ്രസ്താവനകൾ ഒന്നിനുപുറകേ ഒന്നായി ഒലിയും മന്ത്രിമാരും നടത്തിയതോടെ ഇന്ത്യ എല്ലാ നയതന്ത്രബന്ധവും മരവിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരുന്നു.
നേപ്പാൾ പാർലമെന്റിലും മുൻ പ്രധാനമന്ത്രി ശർമ്മ ഒലിയുടെ ഓഫീസുമായി ചൈനീസ് സ്ഥാനപതിക്കുണ്ടായിരുന്ന അമിതമായ ബന്ധവും വലിയ ആഭ്യന്തര പ്രശ്‌നങ്ങളാണ് സൃഷ്ടി ച്ചത്. ഇതിനിടെ കൊറോണ കാലത്ത് നേപ്പാളിനെ ചൈന വേണ്ടത്ര സഹായിച്ചി ല്ലെന്നതും അതിർത്തി ഗ്രാമത്തിൽ കടന്നുകയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും വലിയ ജന രോഷത്തിനും കാരണമായി. ഇന്ത്യയെ പിണക്കിയതിനെതിരെ യുവജനങ്ങൾ പോലും ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ത്യാ-നേപ്പാൾ ബന്ധം ശക്തമാകുന്നതിനെ അതീവ ജാഗ്രതയോടെയാണ് ചൈന കാണുന്നത്. വിദേശകാര്യമന്ത്രി വാംഗ് ഇ നേപ്പാളിലെത്തി മടങ്ങുന്നതിന് പിന്നാലെയാണ് ഷേർ ബഹദൂർ ദേബ ഇന്ത്യയിലേക്ക് എത്തുന്നത്. നേപ്പാളുമായി ഇടക്കാലത്ത് വേണ്ടത്ര ആശയവിനിമയം നടന്നില്ലെന്ന ബീജിംഗിന്റെ വിലയിരുത്തൽ സുപ്രധാന സൂചനയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ അമേരിക്ക ചൈനയെ ലക്ഷ്യമിട്ട് നേപ്പാളിന് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതും ചൈനയ്‌ക്ക് വൻതിരിച്ചടിയായിരിക്കുകയാണ്.
















Comments